banner

'അയോഗ്യനാക്കപ്പെട്ട എംപി'; ട്വിറ്ററിലെ ബയോ തിരുത്തി രാഹുൽ ​ഗാന്ധി

ഡൽഹി : ലോക്സഭാം​ഗത്വത്തിൽ നിന്ന് അയോ​ഗ്യനാക്കിയതിന് ശേഷം ട്വിറ്ററിലെ തന്റെ ബയോ മാറ്റി രാഹുൽ ​ഗാന്ധി. 'മെമ്പർ ഓഫ് പാർലമെന്റ്' എന്നത് മാറ്റി 'അയോഗ്യനാക്കപ്പെട്ട എംപി' എന്നാണ് രാഹുൽ ​ഗാന്ധിയുടെ ഇപ്പോഴത്തെ ട്വിറ്റർ ബയോ. 'മോദി' സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാഹുൽ ​ഗാന്ധിയെ ലോക്സഭാം​ഗത്വത്തിൽ നിന്നും ലോക്സഭാ സെക്രട്ടറിയേറ്റ് അയോ​ഗ്യനാക്കുകയായിരുന്നു.

അതേസമയം രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ഡൽഹിയിലെ രാജ്ഘട്ടിൽ നടത്തുന്ന സത്യാ​ഗ്രഹം തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണെന്ന് കാണിച്ച് ആദ്യം പൊലീസ് സത്യാ​ഗ്രഹത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ പൊലീസ് അനുമതി നൽകുകയായിരുന്നു.
'എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന് പേര് വരുന്നത്' എന്ന രാഹുലിന്റെ പരാമർശമാണ് അയോ​ഗ്യതയിലേക്ക് നയിച്ചത്. കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിട്ടുണ്ട്. ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലായിരുന്നു കേസ്.

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അഭിഷേക് മനു സിം​ഗ് വി അടങ്ങുന്ന സമിതി ഇന്ന് യോ​ഗം ചേർന്നേക്കും. തിങ്കളാഴ്ച മുതൽ മറ്റ് പ്രതിഷേധങ്ങൾക്കും കോൺ​ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് തീരുമാനം.

Post a Comment

0 Comments