banner

കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു!, ഗാർഹിക, വാണിജ്യ പാചക വാതക വില കുത്തനേ കൂട്ടി

കൊച്ചി : ഗാർഹിക, വാണിജ്യ പാചക വാതക വില കുത്തനേ ഉയർത്തി കേന്ദ്രം. ഹോട്ടൽ ഭക്ഷണ വില ഉയരാനും കുടുംബ ബഡ്ജറ്റിൻ്റെ ആകെ താളം തെറ്റിക്കാനും ഈ വിലക്കയറ്റം വഴിയൊരുക്കും. വീട്ടാവശ്യത്തിനായി എടുക്കുന്ന സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങൾക്കായുള്ള സിലിണ്ടറിന് 351 രൂപയുമാണ് ഇന്നലെ കൂട്ടിയത്.

അഞ്ചു മുതൽ 10 വരെ ശതമാനം വിലവർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് കൊച്ചിയിലെ ഹോട്ടലുടമകൾ പറയുന്നു.
തിരുവനന്തപുരത്ത് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് പുതിയ വില 1112 രൂപ. (5 ശതമാനം ജി.എസ്.ടിയും വിതരണക്കാരന്റെ കൂലിയും ഇതിനു പുറമേ)​. വാണിജ്യ സിലിണ്ടറിന് 2,​124 രൂപ (18 ശതമാനം ജി.എസ്.ടി പുറമേ)​.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിലുണ്ടായ വർദ്ധന ഇരട്ടിയോളമാണ്. 2020 മേയിൽ വില 589 രൂപയായിരുന്നു. ഇപ്പോൾ 1112 രൂപ. 2020 മേയിൽ അവസാനിപ്പിച്ച ഗ്യാസ് സബ്സിഡി കേന്ദ്രം പുഃസ്ഥാപിച്ചിട്ടുമില്ല.
അതേസമയം,​ പുതുവർഷത്തിൽ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടുന്നത്. ജനുവരി ഒന്നിന് 25 രൂപ കൂട്ടിയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവിലുണ്ടായ വർദ്ധനയാണ് വില കൂട്ടാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.

അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയിൽ താഴ്‌ന്നുനിൽക്കുകയും റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുകയും ചെയ്യുമ്പോൾ വില കൂട്ടിയത് ലാഭക്കൊതിയാണെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആരോപിച്ചു.

إرسال تعليق

0 تعليقات