banner

അനുമോളുടെ ഫോൺ വിറ്റതിന് ശേഷം അയ്യായിരം രൂപ വാങ്ങി; മൃതദ്ദേഹം വീട്ടിൽനിന്ന് മാറ്റുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടു; ഭർത്താവ് ഇപ്പോഴും കാണാമറയത്ത്, ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

ഇടുക്കി : കാഞ്ചിയാറിലെ അധ്യാപികയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ഒളിവിൽ പോയത് യുവതിയുടെ ഫോൺ വിറ്റതിന് ശേഷമെന്ന് പൊലീസ്. കാഞ്ചിയാർ വെങ്ങലൂർക്കട സ്വദേശിക്ക് 5,000 രൂപക്കാണ് ഫോൺ വിറ്റത്. ചൊവ്വാഴ്ച രാവിലെയാണ് ബിജേഷ് ഒളിവിൽ പോയത്. അനുമോളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതെ സമയം കൊലപാതകത്തിൽ ഭർത്താവ് ബിജേഷ് മൃതദ്ദേഹം വീട്ടിൽനിന്ന് മാറ്റുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടിരുന്നതായി വിവരം. പിക്കപ്പ് ഡ്രൈവറായ ബിജേഷ് ഓട്ടം പോകുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പല തവണയായി സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ഇവർ ആരും ബിജേഷിന് വാഹനം നൽകാൻ തയ്യാറായില്ല.

മൃതദേഹം മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി മറവ് ചെയ്യുന്നതിനായിരുന്നു ബിജേഷ് വാഹനം ആവശ്യപ്പെട്ടതെന്നാണ് എന്നാണ് പോലീസ് കരുതുന്നത്. ഇതിനു സാധിക്കാതെ വന്നതോടെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് കടന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 21 ന്കാഞ്ചിയാർ സ്വദേശിനിയായ അധ്യാപിക അനുമോളെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയുമായിരുന്നു.ഞായറാഴച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി ഫോൺ വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം ബിജേഷിൻ്റെ ഫോൺ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബിജേഷിനായുള്ള അന്വേഷണം തുടരുകയാണ്.

പ്രതി തമിഴ്നാട്ടിലേയ്ക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടക്കുന്നത്. പിക്കപ്പ് ഡ്രൈവർ ആണെങ്കിലും തമിഴ്നാട് ഉൾപ്പടെയുള്ള വിദൂര സ്ഥലങ്ങളിലേയ്ക്ക് അധികം ഓട്ടം പോകാത്തയാളായിരുന്നു ഇയാൾ. 

ഇക്കാരണത്താൽ പ്രതിക്ക് തമിഴ്നാട്ടിൽ സ്ഥിരം പരിചിത സ്ഥലങ്ങൾ കുറവാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതുകൊണ്ടുതന്നെ അപരിചിത സ്ഥലങ്ങളിൽ ഒളിവിൽ കഴിയാനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്.

അനുമോൾ മരിക്കുന്നതിന് മുമ്പ് പിതൃ സഹോദരിക്കയച്ച വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് മോശപ്പെട്ട രീതിയിൽ സംസാരിക്കുന്നതായി സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിൽ ഭർത്താവിൽ നിന്നും പീഡനം അനുഭവിക്കുന്നതായി പറയുന്നുണ്ട്. അനുമോളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments