അഞ്ചാലുംമൂട് : അസാധാരണമായ സംഭവ വികാസങ്ങൾക്കാണ് അഞ്ചാലുംമൂട് നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയപ്പോൾ ഒരു നിമിഷം നാടും ജനങ്ങളും സ്തംഭിച്ചു. പക്ഷെ അത് അഞ്ചാലുംമൂടിനെ മുഴുവൻ മൂടാനുള്ള തീ അവിടെയുണ്ടായിരുന്നു. ആ തീയിൽ നിന്ന് അഞ്ചാലുംമൂടിനെ രക്ഷിച്ചത് അഞ്ച് ചെറുപ്പക്കാരാണ്. സമീപത്ത് വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തുന്ന ശർമ, ഗുരു ഫ്ലെക്സ് പ്രിൻറിംങ് പ്രസ് ജീവനക്കാരായ ഹരി, ബിജു ഇവരുടെ സുഹൃത്തുക്കളായ അനി, പൃഥ്വിരാജ് എന്നിവർ അഷ്ടമുടി ലൈവിനോട് ആ സംഭവങ്ങൾ വിവരിക്കുമ്പോൾ ഇന്നലത്തെ നടുക്കം അവർക്കിപ്പോഴും വിട്ടു മാറിയിട്ടില്ല.
ആ തീ അഞ്ചാലുംമൂടിനെ വിഴുങ്ങിയേനെ...
പ്രിൻ്റിങ് പ്രസിന് സമീപം പുകയുയരുന്നത് ശ്രദ്ധിച്ചാണ് ശർമ്മ പുറത്തേക്കിറങ്ങിയത്. 'നിങ്ങളുടെ സ്ഥാപനത്തിന് പിന്നിൽ എന്തോ പുകവരുന്നു എന്താണെന്ന് നോക്കു ' ഹരിയെ ശർമ്മ വിളിച്ചറിയിച്ചു. പിന്നാലെ ഹരിയും സഹപ്രവർത്തകൻ ബിജുവും സുഹൃത്തുക്കളായ അനിയും, പൃഥ്വിരാജും ഇവിടേക്ക് എത്തി. അത് വെറും പുകയല്ല വലിയൊരു തീഗോളം പോലെ പടരുകയായിരുന്നു. ഇതിനിടെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും കൊല്ലത്തെ ഫയർ സ്റ്റേഷനിലേക്കും ഫോൺ മുഖാന്തരം ഹരി വിവരം കൈമാറി. പോലീസ് സ്ഥലത്തെത്തിയില്ല ഫയർഫോഴ്സ് എത്തട്ടെ എന്നതായിരുന്നു മറുപടി. തീ ആളിപ്പടരുമ്പോൾ ഇനിയൊരു ഉദ്യോഗസ്ഥനെയും കാക്കണ്ട എന്ന നിലപാടിയിൽ രക്ഷാപ്രവർത്തനത്തിന് മുതിരുകയായിരുന്നു ഈ ചെറുപ്പക്കാർ. സമീപത്തെ പെയിൻ്റ് ആൻ്റ് ഹാർഡ്വേയർ സ്ഥാപനത്തിലേക്ക് എങ്ങാനം തീ പടർന്നാൽ അഞ്ചാലുംമൂട് ഒരു പിടി ചാമ്പലായി മാറുമെന്നുള്ളതുകൊണ്ടായിരുന്നു ദുദഗതിയിലെ രക്ഷാപ്രവർത്തനം.
പഴയ ഹോട്ടൽ രക്ഷയ്ക്കെത്തി...
ഫയർഫോഴ്സ് എത്തുന്നതു വരെ പൂട്ടി കിടക്കുന്ന ഹോട്ടലിലെ ടാങ്കിൽ നിന്നും വെള്ളം ശേഖരിച്ചു. ശേഷം ഈ വെള്ളം മറ്റുള്ളവയിലേക്ക് തീ പടരാതിരിക്കാൻ ഒഴിച്ചു കൊണ്ടേയിരുന്നു. അടുത്തുള്ള പെയിംന്റ് കടയിലേയ്ക്കും ഫ്ലെക്സ് പ്രിന്റിംങ് സെന്ററിലേയ്ക്കും വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും തീ പടരാതെ സൂക്ഷിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം - അവർ പറഞ്ഞു.
പോലീസ് തുടർന്ന മൗനം...
ഫയർഫോഴ്സിനെ വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനെ തുടർന്ന് പോലീസിനെ വിളിക്കുകയുണ്ടായി. സംഭവ സ്ഥലത്ത് നിന്നും അമ്പത് മീറ്റർ പോലും അകലെയല്ലാത്ത പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് എത്തിയത് അര മണിക്കൂറോളം കഴിഞ്ഞാണ് എന്നും അവർ ആരോപിക്കുന്നു.
0 Comments