banner

ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് മരുന്നുകളുടെ വില 12 ശതമാനം വർധിക്കും; ചികിത്സാ ചെലവ് കുതിച്ചുയരും, ഇത്രയും വലിയ വിലവർധന നടപ്പാവുന്നത് ഇതാദ്യം!

ന്യൂഡല്‍ഹി : രാജ്യത്തെ അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വൻതോതിൽ വില കൂടും. 12 ശതമാനംവരെ വിലവർധനയ്ക്കാണ് നിർമാതാക്കൾക്ക് അനുമതി നൽകുന്നത്. ഇതിനുപുറമേ അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വിലകൂടും. ചികിത്സച്ചെലവ് വൻതോതിൽ കൂടാൻ ഇത് വഴിയൊരുക്കും.

ആദ്യമായാണ് ഇത്രയും വലിയ വിലവർധന നടപ്പാവുന്നത്. 384 തന്മാത്രകളടങ്ങുന്ന ഔഷധങ്ങളാണ് അവശ്യമരുന്നു പട്ടികയിലുള്ളത്. ഏതാണ്ട് 900 മരുന്നുകൾ ഇതിൽ ഉൾപ്പെടും. നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വിൽക്കുന്നത്. മൊത്തവ്യാപാര വിലസൂചികയിലെ വർധന അടിസ്ഥാനമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് (എൻ.പി.പി.എ.) നിർമാതാക്കൾക്ക് വിലവർധയ്ക്ക്‌ അനുമതി നൽകുന്നത്.

കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം മൊത്തവ്യാപാര വിലസൂചിക 2022-ൽ 12.12 ശതമാനം വരും. അതിനാലാണ് ഇത്രയും വലിയ വർധനയ്ക്ക്‌ അനുമതി നൽകുന്നത്.

അവശ്യമരുന്നുകളുടെ വില മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തിൽ വർഷംതോറും പുതുക്കാറുണ്ട്. സൂചിക അടിസ്ഥാനമാക്കി അവശ്യമരുന്നുവില പുനഃക്രമീകരിക്കാമെന്ന് ഔഷധനിയമത്തിലുണ്ട്.

കഴിഞ്ഞവർഷം പത്തുശതമാനത്തിലധികമായിരുന്നു വർധന. രണ്ടുവർഷത്തിനിടെ 23 ശതമാനം വിലയാണ് കൂടുന്നത്. കഴിഞ്ഞതവണ വിലക്കൂടുതലിന്റെ ആഘാതം കുറയ്ക്കാൻ കേന്ദ്രം ഇടപെട്ടതിനെത്തുടർന്ന് 500-ഓളം ഇനങ്ങൾക്ക് വിലകുറച്ചു. മരുന്ന് നിർമാണച്ചെലവ് വലിയതോതിൽ വർധിച്ചതായി നിർമാതാക്കൾ പലതവണ സർക്കാരിനെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വിലവർധനയ്ക്ക് അനുമതി നൽകുന്നത്.

പ്രമേഹം, അമിതരക്തസമ്മർദം, ഹൃദ്രോഗം, കൊഴുപ്പിലെ വ്യതിയാനങ്ങൾ തുടങ്ങി വിവിധ ജീവിതശൈലീ രോഗമുള്ളവർ ദിവസവും മരുന്നുകഴിക്കേണ്ടതുണ്ട്. പലർക്കും ഒന്നിലധികം അസുഖങ്ങളുമുണ്ടാകും. ഇത്തരം രോഗികൾക്ക് വിലവർധന കനത്ത തിരിച്ചടിയാവും.

കാൻസർ മരുന്നുകൾ, വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അലർജി മരുന്നുകൾ, നാഡി സംബന്ധമായ മരുന്നുകൾ ഇവയ്ക്കെല്ലാം വിലവർധനയുണ്ടാകും.

Post a Comment

0 Comments