അഞ്ചാലുംമൂട് : കടുത്ത വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കൊല്ലം കോർപ്പറേഷനിലെ അഞ്ചാലുംമൂട് ഡിവിഷൻ നിവാസികളായ അറുപതോളം കുടുംബങ്ങൾ. തെളിനീർ പോലെ കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്ന വീട്ടുമുറ്റത്തെ കിണറിലേക്ക് ഇപ്പോൾ ഇവർക്ക് ഒന്നു നോക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. സമീപത്തെ സ്വകാര്യ പെട്രോൾ പമ്പുകളിലെ ഭൂമിക്കടിയിൽ നിർമ്മിച്ചിട്ടുള്ള സംഭരണ ടാങ്കിൽ നിന്ന് ചോരുന്ന പെട്രോളും ഡീസലും കലർന്ന വെള്ളമാണ് ഇവിടങ്ങളിലെ കിണറുകളിൽ നുരച്ചു പൊങ്ങുന്നതെന്നാണ് സംശയം. കുടിവെള്ളം പോലും മലിനപ്പെടുത്തുന്ന തരത്തിലുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ തുടരുന്നത്.
കഴിഞ്ഞ നാലര വർഷത്തോളമായി കുടിവെള്ളത്തിനായി കുഴിച്ച വീട്ടുമുറ്റത്തെ കിണറിൽ നിന്ന് ഉറവ പോലെ പൊങ്ങുന്നത് ഇന്ധനമാണെന്ന് ദുരിതബാധിതനായ സുജീഷ് പറയുന്നു. താനും രണ്ടു പെൺമക്കളും അമ്മയും അടങ്ങുന്ന കുടുംബം എന്ത് ചെയ്യണമെന്നും അദ്ദേഹം ചോദിക്കുന്നു. താല്കാലികമായി തങ്ങൾ ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണെന്നും അത് എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയാത്ത സ്ഥിതിയാണെന്നും ഒരു നെടുവീർപ്പോടെ സുജീഷ് പറഞ്ഞവസാനിപ്പിച്ചു.
പ്രശ്നം തുടങ്ങുന്നത് 2019 ൽ...
2019 മുതലാണ് തൃക്കടവൂർ സോണൽ ഓഫീസിന് പിറകിലെ അറുപതോളം കുടുംബങ്ങൾക്ക് വീട്ടുമുറ്റത്തെ കിണറുകളിൽ നിന്ന് ഇന്ധനം പോലെ എന്തോ ദ്രാവകം കലർന്ന വെള്ളം ലഭിക്കുന്നത്. കൂടുതൽ പരിശോധിച്ചപ്പോൾ പെട്രോൾ - ഡീസൽ ദ്രാവകമാണ് തങ്ങളുടെ കിണറുകളിൽ കലർന്നതെന്ന് ഇവർ മനസ്സിലാക്കുകയായിരുന്നു. മറ്റാരെങ്കിലും ഒഴിച്ചതാവുമോ എന്ന സംശയം ആദ്യഘട്ടത്തിൽ ഉണ്ടായെങ്കിലും ഇത്രയേറെ കിണറുകളിൽ ഒഴിക്കുക അസാധ്യമായതിനാൽ കൂടുതൽ പരിശോധന നടത്തുകയും സമീപത്തെ സ്വകാര്യ പെട്രോൾ പമ്പിൽ നിന്ന് ചോരുന്ന ഇന്ധനമാണ് തങ്ങളുടെ കിണറുകളിലേക്ക് എത്തുന്നതെന്നും ഇവർ മനസ്സിലാക്കി. വിവരം പമ്പ് മാനേജ്മെൻറിനെ അറിയിച്ചെങ്കിലും ഏറെ ധാർഷ്ഠ്യത്തോടെ ഇവരെ പറഞ്ഞയയ്ക്കുകയായിരുന്നു.
നീതിയ്ക്കായി മുട്ടാത്ത വാതിലുകളില്ല...
പമ്പ് മാനേജ്മെൻറിൽ നിന്ന് അനുകൂലമായ നടപടിയുണ്ടാകാത്തതിനാൽ വിവരം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പക്ഷെ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. പിന്നാലെ ആരോഗ്യ വകുപ്പിലേക്കും കോർപ്പറേഷനിലേക്കും പരാതി സമർപ്പിച്ചെങ്കിലും താല്കാലിക സഹായങ്ങളല്ലാതെ ആരും ഇതേക്കുറിച്ച് പഠിച്ച് ചർച്ച ചെയ്യാൻ മുന്നോട്ടുവന്നില്ലെന്നും നാട്ടുകാർ പറയുന്നു.
0 Comments