തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്തുഞെരിച്ച് കൊല്ലുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അധികാര വികേന്ദ്രീകരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. സാമ്പത്തിക വര്‍ഷ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ ബില്ല് മാറാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. സ്പില്‍ ഓവര്‍ ചെയ്താല്‍ അടുത്ത വര്‍ഷത്തെ പദ്ധതി നടത്തിപ്പ് കൂടി താറുമാറാകും. ട്രഷറിയില്‍ നിന്ന് പണം ചെലവഴിക്കാതിരിക്കാന്‍ വിചിത്ര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൃത്യമായ പണം കൊടുക്കാത്തത് കൊണ്ട് താളം തെറ്റിയ പണികള്‍ തീര്‍ക്കാന്‍ ഒരു മാസം എങ്കിലും സമയം നീട്ടണം.
മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ കത്ത് അയക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് ജനപ്രതിനിധികള്‍ മാര്‍ച്ച് 31 ന് ഒരു മണിക്കൂര്‍ പ്രതിഷേധിക്കും. 13,223 കോടി രൂപ ട്രഷറിയില്‍ പെന്റിംഗ് ബില്ലുണ്ട്. കൈയ്യില്‍ പണമില്ലാത്തത് സര്‍ക്കാര്‍ മറച്ച് വയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബ്രഹ്‌മപുരം തീപിടിത്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടിന് 20 ദിവസമെടുത്തെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. എന്തടിസ്ഥാനത്തിലാണ് അഞ്ചിടത്ത് ഒപ്പം തീപിടിച്ചത് അട്ടിമറിയല്ലെന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളപൂശിയ കരാറുകാരനെതിരെ എന്ത് അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.
0 Comments