banner

മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചാൽ വിദ്വേഷ പ്രസം​ഗങ്ങൾ ഇല്ലാതാകും: സുപ്രീം കോടതി

ഡൽഹി : മതം രാഷ്ട്രീയത്തിൽ കൂട്ടിച്ചേർക്കാതിരുന്നാൽ വിദ്വേഷ പ്രസം​ഗങ്ങൾ ഇല്ലാതാകുമെന്ന് സുപ്രീംകോടതി. രാഷ്ട്രീയവും മതങ്ങളും വേർതിരിച്ച് കാണണം. നേതാക്കൾ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന നിമിഷം വിദ്വേഷ പ്രസംഗങ്ങൾ ഇല്ലാതാവുമെന്നും കോടതി പറഞ്ഞു. 

ഇത്തരം പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന അധികാരികൾക്കെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
രാഷ്ട്രീയക്കാർ മതത്തിൽ രാഷ്ട്രീയം കലർത്തുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നതെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞു. രാഷ്ട്രീയവും മതവും വേർതിരിക്കുന്ന നിമിഷം ഇത് അവസാനിക്കും. രാഷ്ട്രീയക്കാർ മതം ഉപയോഗിക്കുന്നത് നിർത്തുമ്പോൾ ഇതെല്ലാം അവസാനിക്കും. മതത്തിൽ രാഷ്ട്രീയം കലർത്തുന്നത് അപകടകരമാണെന്ന് തങ്ങൾ അടുത്തിടെ നടത്തിയ വിധി പ്രസ്താവനത്തിൽ പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് ജോസഫ് കൂട്ടിച്ചേർത്തു. ടിവിയിലും പൊതുവേദികളിലും ഉൾപ്പെടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ വിവാദ പ്രസം​ഗങ്ങൾ നടത്തുന്നുണ്ട്. മറ്റുളളവരെ അപകീർത്തിപ്പെ‌ടുത്തില്ലെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് എന്തുകൊണ്ടാണ് പ്രതിജ്ഞയെ‌ടുക്കാൻ സാധിക്കാത്തതെന്നും ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിന്റെയും അടൽ ബിഹാരി വാജ്‌പേയിയുടെയും പ്രസംഗങ്ങൾ ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് പരാമർശിച്ചു. ഇവരുടെ പ്രസം​ഗങ്ങൾ കേൾക്കാനായി നിരവധി ജനങ്ങൾ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഒരു പ്രത്യേക സമുദായത്തിനെതിരെ കേരളത്തിൽ നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. കോടതി കേസ് ഏപ്രിൽ 28ന് വീണ്ടും പരി​ഗണിക്കും.

Post a Comment

0 Comments