banner

'ഉയര്‍ന്ന പലിശയും സര്‍ക്കാര്‍ ഗ്യാരൻ്റിയും'; കേരളത്തിൻ്റെ സ്വന്തം കെടിഡിഎഫ്സിയില്‍ 170 കോടിയോളം രൂപ നിക്ഷേപിച്ച ശ്രീരാമകൃഷ്ണ മഠം അധികൃതര്‍ നെട്ടോട്ടമോടുന്നു; ഉദ്യോഗസ്ഥർക്കും ശ്രദ്ധയില്ല!

ഉയര്‍ന്ന പലിശയും സര്‍ക്കാര്‍ ഗ്യാരൻ്റിയും കണ്ട് കെടിഡിഎഫ്സിയില്‍ പണം നിക്ഷേപിച്ച കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മഠം അധികൃതര്‍ വലയുന്നതായി റിപ്പോർട്ട്. സംസ്ഥാന സർക്കാരിന് കീഴിലെ ബാങ്കിംഗ് ഇതര സാമ്പത്തിക കമ്പനിയായ കെടിഡിഎഫ്സിയില്‍ 170 കോടിയോളം രൂപ നിക്ഷേപിച്ച ശ്രീരാമകൃഷ്ണ മഠത്തിനാണ് പലിശയും മുതലും ലഭിക്കാതെ നെട്ടോട്ടമോടേണ്ട ഗതിയുണ്ടായതെന്ന് തിരുവനന്തപുരത്ത് നിന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരത്ത് എത്തി കെടിഡിഎഫ്സി അധികൃതരെ നേരിട്ട് കണ്ടെങ്കിലും മഠം അധികൃതര്‍ക്ക് പണം തിരികെ ലഭിച്ചില്ലെന്നും തുടർന്ന് ഇവര്‍ കെടിഡിഎഫ്സിയ്ക്ക് വക്കീല്‍ നോട്ടീസും അയച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സര്‍ക്കാര്‍ സ്ഥാപനം എന്ന ഉറപ്പിലാണ് മഠം അധികൃതര്‍ ഇത്രയും കോടികള്‍ കെടിഡിഎഫ്സിയില്‍ മഠം അധികൃതര്‍ ഡിപ്പോസിറ്റ് ചെയ്തത്. എന്നാല്‍ നിക്ഷേപം കാലാവധി എത്തി തിരികെ  ചോദിച്ചപ്പോള്‍ കൈമലര്‍ത്തുകയാണ് അധികൃതര്‍ ചെയ്തത്.  ഇത്രയും പണം കേരളത്തില്‍ നിക്ഷേപിച്ച് തിരികെ ചോദിച്ചപ്പോള്‍ ലഭിക്കാത്തത് മഠം അധികൃതരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

പണം എടുക്കാനില്ലാതെ കെടിഡിഎഫ്സി സീറോ ബാലന്‍സില്‍ തുടരുകയുമാണ്‌. നിക്ഷേപകര്‍ വന്നു തെറിവിളിച്ച് പോകുന്ന അനുഭവമാണ് സ്ഥാപനം  നേരിടുന്നത്. എന്നിട്ടും  അധികാരികള്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്.  കെടിഡിഎഫ്സിയിലെ 4000 കോടി വരെ നിക്ഷേപത്തിന് സർക്കാർ ഗാരന്റി നൽകുന്നുണ്ട്.  നിലവിൽ ആകെ 580 കോടിയുടെ നിക്ഷേപമാണുള്ളത്. അതിനാല്‍ സര്‍ക്കാര്‍ പണം തിരികെ നല്‍കാന്‍ ബാധ്യസ്ഥരുമാണ്. 

ശ്രീരാമകൃഷ്ണ മഠം അധികൃതരാണ് വലയുന്നത്.  ഉയര്‍ന്ന പലിശയും സര്‍ക്കാര്‍ ഗ്യാരണ്ടിയും ചൂണ്ടിക്കാട്ടിയാണ് കെടിഡിഎഫ്സി മഠത്തില്‍ നിന്നും നിക്ഷേപം സ്വീകരിച്ചത്. ഇപ്പോള്‍ നിക്ഷേപത്തിനു കാലാവധി എത്തിയപ്പോള്‍ മുതലുമില്ല പലിശയുമില്ല എന്ന അവസ്ഥയിലാണ്. മഠത്തിനു അടിയന്തിരമായി ഏഴു കോടി രൂപ വേണം. ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള കാര്യങ്ങള്‍ നടത്തണമെങ്കില്‍ ഇവര്‍ക്ക് ഏഴു കോടി വേണം. 170 കോടി കിട്ടാത്തതിനാല്‍ പരിഭ്രാന്തരായാണ് അഭിഭാഷക സംഘവുമായി മഠം അധികൃതര്‍ കേരളത്തില്‍ വന്നത്. എല്ലാ വാതിലിലും ഇവര്‍ മുട്ടിയെങ്കിലും മഠം അധികൃതര്‍ക്ക് പണം ലഭിച്ചിട്ടില്ല.

28 സ്ഥിര നിക്ഷേപങ്ങള്‍ മഠത്തിന് കെടിഡിഎഫ്സിയിലുണ്ട് എന്നാണ് ലഭ്യമായ വിവരം.  ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവരുടെ നിക്ഷേപങ്ങള്‍ കാലാവധിയായിട്ടുണ്ട്. അപ്പോള്‍ പണം ചോദിച്ചിട്ട് ലഭിക്കാത്തതിനാലാണ് അവര്‍ ബംഗാളില്‍ നിന്നു  തിരുവനന്തപുരത്തേക്ക് വന്നത്. 16.5 കോടി രൂപ കെടിഡിഎഫ്സിയ്ക്ക് നല്‍കാം എന്ന് സര്‍ക്കാര്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട് എന്നാണ് ഇന്ത്യാടുഡേയ്ക്ക് ലഭ്യമായ വിവരം. ഇത് ലഭിച്ചാല്‍ മഠത്തിന്റെ കുറച്ച് തുക തിരികെ നല്‍കാന്‍ കഴിയും. ഈ പണം തിരികെ നല്‍കാനുണ്ട് എന്ന് കെടിഡിഎഫ്സി അധികൃതര്‍ ഇന്ത്യാ ടുഡേയോട് സമ്മതിച്ചു. പക്ഷെ ഇപ്പോള്‍ പണം നല്‍കാനില്ല. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമാണ് അത് എന്നാണ് അധികൃതര്‍ പ്രതികരിച്ചത്. 

മൂന്നു കോടിയോളം രൂപ പലിശ ഇനത്തില്‍ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ട്. അതില്‍   ഒരു കോടിയോളം രൂപ ഇനിയും നല്‍കാനുണ്ട്. കെഎസ്ആര്‍ടി സി എംഡി  ബിജു പ്രഭാകറാണ് ഗതാഗതവകുപ്പ് സെക്രട്ടറി. കെടിഡിഎഫ്സിയും ബിജു പ്രഭാകറിനാണ് കീഴിലാണ്  വരുന്നത്. കെഎസ്ആര്‍ടിസി പ്രശ്നങ്ങളിലാണ് ബിജു പ്രഭാകറിന്റെ ശ്രദ്ധ. കെടിഡിഎഫ്സിയില്‍ ബിജു പ്രഭാകര്‍ ശ്രദ്ധ ചെലുത്താറില്ല എന്നാണ് ലഭിക്കുന്ന വിവരം. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ബി.അശോകാണ് കെടിഡിഎഫ്സി സിഎംഡി. പക്ഷെ പണം ഇല്ലാത്തതിനാല്‍ അശോകും നിസ്സഹായനാണ്.

കെടിഡിഎഫ്സിയുടെ വഴിവിട്ട രീതികള്‍ കാരണം നിക്ഷേപം സ്വീകരിക്കുന്നതിനോ നല്‍കുന്നതിനോ ഇപ്പോള്‍ കെടിഡിഎഫ്സിയ്ക്ക് റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ബിസിനസും അതുകൊണ്ട് തന്നെ കെടിഡിഎഫ്സി നടത്തുന്നില്ല. സര്‍ക്കാര്‍ പണം നല്‍കിയെങ്കില്‍ മാത്രമേ മഠം അധികൃതര്‍ക്ക് പണം തിരികെ നല്‍കാന്‍ കെടിഡിഎഫ്സിയ്ക്ക് കഴിയുകയുള്ളൂ. സര്‍ക്കാര്‍ എപ്പോള്‍ പണം നല്‍കും. അത് വരെ മഠം കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയാണ്. കെഎസ്ആര്‍ടിസി 800 കോടിയോളം രൂപ കെടിഡിഎഫ്സിയ്ക്ക് നല്‍കാനുണ്ട്. ആ തുക ലഭിച്ചാല്‍ മാത്രമേ നിലവിലെ പ്രതിസന്ധി നീങ്ങുകയുള്ളൂ - റിപ്പോർട്ടിൽ പറയുന്നു.

Post a Comment

0 Comments