banner

‘എം വി ഗോവിന്ദനോട് മാപ്പ് പറയണമെങ്കില്‍ ഞാൻ ഒരിക്കല്‍ കൂടി ജനിക്കണം’: സ്വപ്ന സുരേഷ്

കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണങ്ങളില്‍ ഉറച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കും. മാപ്പ് പറയണമെങ്കില്‍ താന്‍ ഒരിക്കല്‍ കൂടി ജനിക്കണം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ അടങ്ങില്ല. 

മരിക്കുന്നത് വരെ എല്ലാം വെളിച്ചത്ത് കൊണ്ടുവരും. ഇത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ള സന്ദേശമാണ്. മുഖ്യമന്ത്രി എന്റെ അങ്കിളോ ഫാദറോ അല്ല. എല്ലാവരും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. കേസില്‍ കര്‍ണാടക പൊലീസിന് വിശദമായ മൊഴി നല്‍കിയെന്നും സ്വപ്‌ന പറഞ്ഞു.

നേരത്തെ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസയച്ചിരുന്നു. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമായിരുന്നു ആവശ്യം. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Post a Comment

0 Comments