banner

'അറിയുന്ന സത്യങ്ങൾ രേഖപ്പെടുത്തിയില്ലെങ്കിൽ അത് രാജനോടുള്ള അനീതിയാകും'; രാജനെ അവസാനമായി കണ്ട അധ്യാപകന്റെ ഓർമ്മകൾ

കൊല്ലം ( Ashtamudy Live News ) : വർഷങ്ങൾ എത്ര കഴിഞ്ഞാലും രാജൻ കേസ് എന്നത് കേരള രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഏടാണ്.ഇന്നും രാജൻ കേസ് എന്ന് കേൾക്കുമ്പോൾ ചിലരെങ്കിലും അസ്വസ്ഥർ ആവാറുണ്ട്.ഈച്ചരവരരുടെ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ പോലെ രാജൻ കേസിന്റെ ഉള്ളറകൾ തുറക്കുന്ന ഒരു പുസ്തകമാണ് അബ്ദുൾ ഗഫാറിന്റെ ഞാൻ സാക്ഷി .

1976-ല്‍ കോ‍ഴിക്കോട് റീജനല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാജന്‍റെ അധ്യാപകനായിരുന്നു കാസര്‍കോട് സ്വദേശിയായ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാര്‍. മാര്‍ച്ച് 1ന് പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് രാജനെ അവസാനമായി കണ്ട അധ്യാപകന്‍ കൂടിയാണ് ഗഫാര്‍. ആ ഓർമ്മകളാണ് വർഷങ്ങൾക്കിപ്പുറം ഗഫാർ ആത്മകഥയിലൂടെ വിവരിക്കുന്നത്.

കലോത്സവം ക‍ഴിഞ്ഞ് വിജയശ്രീലാളിതരായെത്തിയ രാജനും സഹവിദ്യാര്‍ത്ഥികളും ഹോസ്റ്റലിലേക്കേ് മടങ്ങിയത് പ്രൊഫ. ഗഫാറിന്‍റെ താമസ സ്ഥലത്തുകൂടെയായിരുന്നു. തന്നോട് സ്നേഹത്തോടെ കൈവീശി ഇരുട്ടിലേക്ക് മറഞ്ഞുപോയ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയെക്കുറിച്ച് ഏറെ വൈകാരികമായാണ് ഗഫാര്‍ ഓർമ്മിക്കുന്നു.

അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് ഭീകരതയുടെ താവളമായ കക്കയം ക്യാമ്പിലേക്ക് രാജനെ തേടിപ്പോയ അത്യന്തം സ്തോഭജനകമായ അനുഭവ‍വും ഗഫാര്‍ ‘ഞാന്‍ സാക്ഷിയില്‍’ വിവരിക്കുന്നു. പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.എം. ബഹാവുദ്ദീനെയും കൂടെക്കൂട്ടി അങ്ങനെയൊരു ധീരമായ ഉദ്യമത്തിന് മുന്‍കൈ എടുത്തതും ഗഫാറായിരുന്നു. ക്യാമ്പിന്‍റെ ഞെട്ടിക്കുന്ന അന്തരീക്ഷ വിവരണത്തോടൊപ്പം ഡി.ഐ.ജി. ജയറാം പടിക്കലുമായും സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണനുമായും നടത്തിയ കൂടിക്കാ‍ഴ്ചയുടെ വിവരങ്ങളും പുസ്തകത്തിലുണ്ട്. രാജനെ പൊലീസുകാര്‍ ഇല്ലാതാക്കിയത് സംബന്ധിച്ച് കക്കയം ക്യാമ്പില്‍ നിന്ന് ഏറ്റവുമാദ്യത്തെ സൂചനകള്‍ ലഭിക്കുന്നതും പുസ്തകത്തിലെ നിർണായക ഭാഗമാണ്

രാജന്‍റെ അച്ഛന്‍ പ്രൊഫ. ഈച്ചരവാര്യരെ ബന്ധപ്പെട്ട് നിയമപോരാട്ടങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ഗഫാര്‍ പറയുന്നത് ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ്. രാജന്‍ കേസുമായി ബന്ധപ്പെട്ട് കേരള സമൂഹത്തിന് അറിവുള്ളതും അറിവില്ലാത്തതുമായ ഒട്ടനവധി സംഭവങ്ങളും കഥാപാത്രങ്ങളും ഈ പുസ്തകത്തിലൂടെ മറയില്ലാതെ പുറത്തു വരുന്നുണ്ട്. ‘ഞാന്‍ സാക്ഷി’ വായനക്കാരുടെ മുന്നില്‍ വയ്ക്കുന്നത് ഒരു കാലഘട്ടത്തിന്‍റെ സാക്ഷി എന്ന നിലയ്ക്കാണെന്ന് ആത്മകഥാകാരന്‍ തന്നെ ആമുഖത്തിലെ‍ഴുതുന്നു.

“അരനൂറ്റാണ്ട് പിന്നിടുമ്പോഴും സംഭവങ്ങൾ ഇന്നലെ എന്ന പോലെ ഓർമ്മയുണ്ട്. അറിയുന്ന സത്യങ്ങൾ രേഖപ്പെടുത്തിയില്ലെങ്കിൽ അത് രാജനോടും ഈച്ചര വാര്യരോടും ചെയ്യുന്ന അനീതിയായി മാറുമെന്ന തോന്നലിലാണ് ‘ഞാൻ സാക്ഷി’ എന്ന ആത്മകഥ രചിച്ചത്.”

രാജന്‍ കേസിന് പുറമേ ഉന്നത വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായ കാസര്‍കോടൻ ഗ്രാമത്തില്‍ നിന്ന് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനായ ഒരാളുടെ ആത്മകഥ കൂടിയാണ് ‘ഞാന്‍ സാക്ഷി’. നിലപാടുകളില്‍ വിട്ടുവീ‍ഴ്ചയില്ലാത്ത കര്‍ക്കശക്കാരനായ ഒരധ്യാപകന്‍റെ ഇച്ഛാശക്തിയുടെയും നിര്‍ഭയത്വത്തിന്‍റെയും സത്യസന്ധതയുടെയും നീതിബോധത്തിന്‍റെയും പുസ്തകം.

കോ‍ഴിക്കോട് ആര്‍ഇസിക്കു പുറമേ കൊല്ലം ടികെഎം കോളേജിലും അധ്യാപകനായിരുന്നു പ്രൊഫ. അബ്ദുൽ ഗഫാർ. കര്‍ണ്ണാടകയിലെ ഭട്കല്‍ എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാളുമായിരുന്നു. അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ കോളേജിന്‍റെ സ്ഥാപകനും അഡ്മിനിസ്ട്രേഷന്‍ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കറന്റ് ബുക്സാണ് പ്രസാധകർ

Post a Comment

0 Comments