കോഴിക്കോട് ( Ashtamudy Live News ) : റബറിന്റെ താങ്ങുവില 300 രൂപയാക്കി തന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പരിഹസിച്ച് മുൻ മന്ത്രി കെ.ടി ജലീൽ.
30 വെള്ളിക്കാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ?യെന്ന് അദ്ദേഹം ചോദിച്ചു. ബി.ജെ.പി നല്‍കുന്ന റബ്ബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്നും ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തി.
അതേസമയം, ബി.ജെ.പി നേതാക്കൾ ബിഷപ്പ് ഹൗസിലെത്തിയത് കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സമ്മേളനത്തിന് ക്ഷണിക്കുന്നതിനു വേണ്ടിയാണെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വിശദീകരിച്ചിരുന്നു.
കണ്ണൂർ കേന്ദ്രീകരിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതായും അതിനായി ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതിനിധികളെ കാണാനും കർമ്മ പദ്ധതികൾ വിശദീകരിക്കാനുമായാണ് സംഘം എത്തിയതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
0 Comments