banner

കള്ളനോട്ട് കേസിൽ പിടിയിലായ ജിഷമോൾക്ക് ഉന്നത ബന്ധം; കള്ളനോട്ടിന്റെ ഉറവിടം വ്യക്തമായതായി പോലീസ്

ആലപ്പുഴ : കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ മുൻ കൃഷി ഓഫീസര്‍ എം.ജിഷമോളെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജിഷയ്ക്ക് മാഫിയ ബന്ധമുണ്ടെന്നും, പ്രമുഖരുമായി അടുപ്പം പുലർത്തുന്ന ആളാണെന്നുമാണ് പുതിയ റിപ്പോർട്ട്. ജിഷയെ ചോദ്യം ചെയ്തതിൽ നിന്ന് മുഖ്യപ്രതിയെക്കുറിച്ചു സൂചന ലഭിച്ചുവെന്ന സൂചന. 

ആലപ്പുഴയിലെ പ്രമുഖനായ ഇയാളാണ് ജിഷയ്ക്കു കള്ളനോട്ട് നൽകിയതെന്നാണ് അറിയുന്നത്. ആലപ്പുഴയിൽ ആയോധനകലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യക്തിയാണിയാൾ. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

അതേസമയം, ജിഷയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഇന്നലെ ജയിലില്‍ വെച്ച് അസ്വാഭാവികമായ പെരുമാറ്റമായിരുന്നു ഇവരുടേത്. ജിഷ മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണെന്നും, ഇതിന് മൂന്ന് വർഷമായി മരുന്നുകൾ കഴിക്കുന്നുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഇന്നലെ രാത്രി മാവേലിക്കര ജയിലില്‍ നിന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ജിഷയെ മാറ്റിയത്. 

പത്ത് ദിവസത്തേക്കാണ് ഈ മാറ്റം.

അതേസമയം, ജിഷയ്ക്ക് പിന്നിൽ വൻ സംഘമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഫാഷൻ ഷോയും മോഡലിംഗുമാണ് ജിഷയുടെ പ്രിയ വിനോദം. ഇതുവഴി നല്ലൊരു വരുമാനവും ഇവർക്ക് ലഭിക്കുന്നുണ്ട്. ജിഷയുടെ ജീവിതം തന്നെ ദുരൂഹതകൾ നിറഞ്ഞതാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. 

ഭർത്താവിനെ കുറിച്ച് പോലീസിനോടും ഓഫീസിലുള്ളവരോടും ഇവർ വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഇത് പോലീസിൽ സംശയം ജനിപ്പിക്കുന്നു.

ജിഷ താമസിക്കുന്ന സ്ഥലത്ത് സുഹൃത്തുക്കൾ എന്ന ലേബലിൽ ഇവരെ ഇവിടെ പലരും കാണാൻ വരാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫാഷൻ ഷോയും മോഡലിംഗും നടത്തുന്ന ജിഷ വിവിധ ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഈ രംഗത്ത് നിരവധി സമ്മാനങ്ങളും ക്യാഷ് അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

ബിഎസ്‌സി അഗ്രിക്കള്‍ച്ചറല്‍ ബിരുദധാരിയായ ഇവര്‍ നേരത്തെ എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2013ലാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്.

Post a Comment

0 Comments