banner

കൊല്ലത്ത് മാതൃഭൂമിയുടെ മാധ്യമപ്രവർത്തകർക്ക് നേരെ ഗുണ്ടാ സംഘത്തിൻ്റെ മർദ്ദനം; റിപ്പോർട്ടർ കുഴഞ്ഞു വീണു; കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി

കൊല്ലം : വാർത്താ റിപ്പോർട്ടിംഗിനായി പോയ മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം. മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനെയും ഫോട്ടോഗ്രാഫറെയുമാണ് നാലുു പേർ സംഘം ചേർന്ന് മർദ്ദിച്ചത്. കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുണ്ടകളുടെ അക്രമത്തിന് പിന്നാലെ റിപ്പോർട്ടർ അനിൽ മുകുന്നേരി കുഴഞ്ഞു വീണു. ഇവരെ വിദഗ്ദ ചികിത്സയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം കൊല്ലം പബ്ലിക് ലൈബ്രറിയ്ക്ക് മുന്നിലാണ് സംഭവം നടന്നത്. ഇരുവരും വാർത്തയുമായി ബന്ധപ്പെട്ട് പുറത്ത് പോയപ്പോഴായിരുന്നു അക്രമം. തിരികെ മടങ്ങുന്നതിനിടെ പ്രദേശത്തെ ഒരു റോഡിന്റെ ചിത്രം സുധീർ പകർത്തിയിരുന്നു. ഈ റോഡിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീർ പകർത്തിയത് എന്നാരോപിച്ച് പിന്തുടർന്നെത്തിയ നാലു പേർ അടങ്ങുന്ന സംഘം അനിലിനെയും സുധീറിനെയും തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയുമായിരുന്നു. അക്രമത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. അക്രമി സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം മേഖല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പത്രപ്രവർത്തകരെ ആക്രമിച്ചതിൽ കുറ്റക്കാരെ മാതൃക പരമായി ശിക്ഷിക്കണമെന്നും കമ്മിറ്റി അധികാരികളോട് അഭ്യർത്ഥിച്ചു.

Post a Comment

0 Comments