പാലക്കാട് : മൈക്രോഫിനാൻസുകാരുടെ ശല്യം മൂലം അമ്മ ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി മകൻ രംഗത്ത്.
പാലക്കാട് അകത്തെത്തറയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരുതക്കോടുള്ള പത്മാവതി (55) എന്ന സ്ത്രീ ചികിത്സയ്ക്കിടെ മരിച്ചത്.
മൊബൈൽ ഫോണിന്റെ ഇഎംഐ അടയ്ക്കാൻ വൈകിയതിൽ മൈക്രോഫിനാൻസുകാരുടെ ശല്യം മൂലമാണ് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് മകൻ അരുൺ ആരോപിച്ചു.
രണ്ട് മാസം മുമ്പ് ബജാജ് മൈക്രോ ഫിനാൻസിന്റെ ഇഎംഐ വഴി 14,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പത്മാവതിയുടെ പേരിൽ മകൻ വാങ്ങിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം മകന് ഈ മാസത്തെ ലോൺ അടക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ നിരന്തരമായി ഫിനാൻസ് സ്ഥാപനത്തിന്റെ ഏജന്റ് വീട്ടിൽ വന്ന് കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പത്മാവതി കുളിമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം.
ഗുരുതരമായി പരിക്കേറ്റ പത്മാവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലാം ദിവസം മരണം സംഭവിച്ചു. മകൻ അരുൺ മൈക്രോ ഫൈനൻസിനെതിരെ പാലക്കാട് ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ പത്മാവതി മരിക്കുന്നതിന് മുമ്പ് പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുത്ത് അന്വേഷിക്കാൻ തയ്യാറായില്ലെന്നാണ് കുടുംബം ആരോപിച്ചു.
2014 രൂപ നിരക്കിൽ 5 മാസം കൊണ്ട് അടയ്ക്കുന്ന സ്കീമിലാണ് അരുൺ അമ്മയുടെ പേരിൽ ലോൺ എടുത്തത്. ആദ്യമാസം കൃത്യമായി ലോൺ അടയ്ക്കാൻ പറ്റിയിരുന്നെങ്കിലും കച്ചവടത്തിൽ നേരിട്ട തകർച്ചയും ആരോഗ്യ പ്രശ്‌നങ്ങളും കാരണം ഈ മാസം ഇഎംഐ അടവ് മുടങ്ങുകയായിരുന്നു.
0 Comments