banner

തദ്ദേശ തിരഞ്ഞെടുപ്പ്: ആറ് സീറ്റുകള്‍ നഷ്ടമായി എല്‍ഡിഎഫ്, അഞ്ചെണ്ണം പിടിച്ചെടുത്ത് യുഡിഎഫ്, ഒരെണ്ണം എന്‍.ഡി.എക്ക്; മൊത്തം ഫലമിങ്ങനെ

സംസ്ഥാനത്തെ ഇരുപത്തിയെട്ട് തദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം യുഡിഎഫിന്. എല്‍ഡിഎഫിന് ആറു സീറ്റ് നഷ്ടമായി. അഞ്ച് സീറ്റുകള്‍ യുഡിഎഫും ഒരെണ്ണം എന്‍ഡിഎയും പിടിച്ചെടുത്തു. എല്‍ഡിഎഫ് 13 സീറ്റുകള്‍ നിലനിര്‍ത്തി. എല്‍ഡിഎഫ് ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. കോട്ടയം എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാവും. 

കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്ക് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണിത്. ഇതോടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി.

മലപ്പുറം ജില്ലയിലെ 4 വാർഡുകളും യുഡിഎഫിന്. കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാർഡിൽ യുഡിഎഫ് കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ യുഡിഎഫിന് ഭരണം നിലനിർത്താനായി കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിലാണ് മുസ്‍‌ലിം ലീഗിലെ കരുവാടൻ സുന്ദരനാണ് വിജയിച്ചത്. ലീഗ് അംഗത്വം രാജിവച്ച് ഇടതു പിന്തുണയോടെ ജനപിന്തുണ തേടിയ മൽസരിച്ച ജിതിൻ വണ്ടൂരാനെ 68 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. തിരുനാവായ ഗ്രാമപഞ്ചായത്തിലെ അഴകത്തുകളം വാർഡിൽ കോൺഗ്രസിലെ സോളമൻ വീക്ടർ ദാസ് 143 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് വിമതൻ മൽസരിച്ച് വിജയിച്ച വാർഡാണ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചത്. എ.ആർ നഗർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കോൺഗ്രസിലെ പി.കെ ഫിർദൗസ് 690 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിലനിർത്തിയത്. ഊരകം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മുസ്‍‌ലിം ലീഗിലെ സമീറ കരിമ്പൻ 353 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാർഡ് നിലനിർത്തിയത്. സുല്‍ത്താന്‍ ബത്തേരി നഗരസഭ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്ക് വാര്‍ഡ് പിടിച്ചെടുത്ത് യുഡിഎഫ് ഭരണം നിലനിര്‍ത്തി. തൃത്താലയില്‍ നാലാം വാര്‍ഡ‍് യുഡിഎഫ് നിലനിര്‍ത്തി.

കൊല്ലം കോര്‍പറേഷനിലെ മൂന്നാം ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മീനത്തുചേരി ഡിവിഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. ആർഎസ്പിയിലെ ദീപു ഗംഗാധരനാണ് ജയിച്ചത്. എല്‍ഡിഎഫിലെ സന്ധ്യരാജു നീലക്ണ്ഠനെ 638 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ എൻ. അനിൽകുമാർ 241വോട്ടുകൾക്ക് ജയിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തേവർതോട്ടം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പി.അനിൽകുമാർ 262 വോട്ടിനാണ് ജയിച്ചത്. ഇവിടെ ബിജെപി രണ്ടാമതെത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോയി.

എരുമേലിയിലെ ഒഴക്കനാട് വാര്‍ഡില്‍ യുഡിഎഫിലെ അനിതാ സന്തോഷിന് വിജയം. എൽഡിഎഫിലെ പുഷ്പാ ബാബുവിനെതിരെ 232 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. അനിതയുടെ വിജയത്തോടെ അംഗങ്ങളുടെ എണ്ണത്തിൽ യുഡിഎഫിനായി മുൻതൂക്കം. ഇവിടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടേക്കും. പാലാ കടപ്ലാമറ്റം വയല വാര്‍ഡ് കേരള കോണ്‍ഗ്രസില്‍ നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചു.

തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുഡിഎഫ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ കെ.സി.അജിത 189 വോട്ടിന് വിജയിച്ചു. മയ്യിൽ പഞ്ചായത്ത് എട്ടാം വാർഡായ വള്ളിയോട് എൽഡിഎഫ് സ്ഥാനാർത്ഥി ഇ.പി രാജൻ വിജയിച്ചു. പേരാവൂർ പഞ്ചായത്ത് ഒന്നാം വാർഡായ മേൽമുരിങ്ങോടി സിപിഎം നിലനിർത്തി. ആലപ്പുല എടത്വ ഗ്രാമപഞ്ചായത്തിലെ തായങ്കരി വെസ്റ്റ് എല്‍ഡിഎഫ് നിലനിർത്തി. 71 വോട്ടിന് വിനീത ജോസഫിന്റെ ജയം. എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ ചിറ്റിലങ്ങാട് പതിനാലാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി എഫിന് വിജയം. 234 വോട്ടിന്റെ ഭുരിപക്ഷത്തില്‍ എല്‍.ഡി എഫിന്റെ എം.കെ ശശിധരന്‍ സീറ്റ് നിലനിര്‍ത്തി. എറണാകുളം പോത്താനിക്കാട്, കൊല്ലം വിളക്കുടി, ഇടമുളയ്ക്കല്‍, പേരാവൂര്‍, എടത്വ, കോട്ടയം വെളിയന്നൂര്‍, പാലക്കാട് കടമ്പഴിപ്പുറം എന്നി വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. പാലക്കാട് ആനക്കര ഏഴാംവാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മില്‍ നിന്ന് കല്ലൂപ്പാറ അമ്പാട്ടുഭാഗം വാര്‍ഡ് എന്‍ഡിഎ പിടിച്ചെടുത്തു. തണ്ണീര്‍മുക്കം വാര്‍ഡ‍് ബിജെപി നിലനിര്‍ത്തി.

Post a Comment

0 Comments