ബ്രഹ്മപുരത്ത് ഇന്നത്തോടെ തീ അണക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്. കോര്‍പറേഷന്‍ മാലിന്യ സംഭരണ രീതി പരിശോധിക്കേണ്ടതുണ്ട്.
ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉറവിട മാലിന്യ സംസ്കരണം സജീവമാക്കും. ഫ്ലാറ്റുകളില്‍ മാലിന്യ സംസ്കരണ സൗകര്യം വേണം. കരാര്‍ കമ്ബനിക്കെതിരെ പരിശോധന നടക്കുന്നുണ്ട്. കരാര്‍ എടുക്കുന്നവര്‍ക്ക് പലയിടത്തും തുടങ്ങാന്‍ കഴിയാത്ത പ്രശ്നമുണ്ട്.
തീപിടുത്തം എങ്ങനെ ഉണ്ടായി എന്ന തീരുമാനത്തിലേക്ക് ഇപ്പോള്‍ സര്‍ക്കാര്‍ എത്തുന്നില്ല. തീ അണക്കാനാണ് പ്രാഥമിക പരിഗണന. മാലിന്യം തുടങ്ങുന്ന ഇടത്ത് നിന്ന് തന്നെ ഉത്തരവാദിത്തം വേണം. ഉറവിടത്തില്‍ സംസ്കരിക്കാന്‍ കഴിയുന്നത് അങ്ങനെ തന്നെ ചെയ്യണം. മാലിന്യം ആരും വലിച്ചെറിയരുത്. ഇത് അവസരമായിക്കണ്ട് ഒരു തീരുമാനത്തിലേക്ക് വരേണ്ടതുണ്ട്.
എട്ടാം നാളും മാലിന്യപ്പുകയില്‍ വീര്‍പ്പുമുട്ടുകയാണ് ബ്രഹ്മപുരം. മാലിന്യമല ഇളക്കാന്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോര്‍പ്പറേഷന്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് – പുത്തന്‍കുരിശ്, കിഴക്കമ്ബലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
അതേസമയം കളക്ടറെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രണ്ടുദിവസത്തിനകം തീ കെടുത്തുമെന്ന് പറഞ്ഞിട്ട് എന്ത് സംഭവിച്ചെന്നായിരുന്നു കോടതിയുടെ ചോദ്യം. ദുരന്തനിവാരണച്ചട്ടം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളില്‍ വേണ്ടവിധം എത്തിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബ്രഹ്മപുരത്ത് തീപിടിത്ത മുന്നറിയിപ്പ് നല്‍കിയിരുന്നെന്നായിരുന്നു കളക്ടറുടെ മറുപടി. നഗരത്തില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നാളെ മുതല്‍ നീക്കം ചെയ്യുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയെ അറിയിച്ചു. ബ്രഹ്മപുരത്ത് വെള്ളം എത്തിക്കാന്‍ ഇന്നുതന്നെ വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന് കെഎസ്‌ഇബിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
0 Comments