banner

വിശ്വാസവുമായി ബന്ധപ്പെട്ട് മാര്‍ക്‌സിന്റെ പടം വെച്ചാലും അംഗീകരിക്കില്ലെന്ന് എംവി ​ഗോവിന്ദൻ

കണ്ണൂർ ( Ashtamudy Live News ) : വിശ്വാസവുമായി ബന്ധപ്പെട്ട് മാര്‍ക്‌സിന്റെ പടം വെച്ചാലും അംഗീകരിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പാർട്ടി ഒരു വിശ്വാസത്തിനും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കതിരൂർ ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി നടത്തിയ കലശത്തിൽ പി ജയരാജന്റെ ഫോട്ടോ ഉപയോ​ഗിച്ചതിനെതിരെയാണ് എം വി ​ഗോവിന്ദന്റെ പ്രതികരണം. ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി പി ജയരാജന്റെ ചിത്രം വെച്ചത് അം​ഗീകരിക്കാനാകില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

കതിരൂര്‍ പുല്യോട്ടുംകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിലാണ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. തെയ്യത്തിന്റെയും പാര്‍ട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ജയരാജന്റെ ചിത്രം. ചെഗുവേരയുടെ ചിത്രവും കലശത്തില്‍ ഉണ്ടായിരുന്നു. സംഭവം സിപിഐഎമ്മിൽ തന്ന വിവാദമായിരുന്നു. പി ജയരാജന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തിയിരുന്നു.

കലശത്തില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രവും ചിഹ്നവും ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് എംവി ജയരാജന്‍ പറഞ്ഞു. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടത്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജന്‍ സ്വയം മഹത്‌വത്കരിക്കുന്നെന്ന ആരോപണം സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ജയരാജനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും ഗാനങ്ങളും അക്കാലത്ത് പ്രചരിച്ചിരുന്നു.

Post a Comment

0 Comments