തിരുവനന്തപുരം : ജില്ലയിലെ പോലീസ് വാഹനങ്ങളിൽ ഇന്ധനക്ഷമം രൂക്ഷമായി നിലനില്ക്കുന്നതായി റിപ്പോർട്ട്. ഇന്ധനത്തിന്റെ ലഭ്യത കുറവായതോടെ വിവിധ സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും താളം തെറ്റിയ സ്ഥിതിയിലാണ്. പലയിടത്തും മന്ത്രിമാർക്ക് എസ്കോർട്ട് പോകുന്നതിനും വാഹന പരിശോധനയ്ക്കായി പോകുന്നതിനും പോലീസുകാർ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തി ഇന്ധനം നിറയ്ക്കുകയാണ്. ഒരു കോടിയിലേറെ രൂപയാണ് എണ്ണ കമ്പനിക്ക് സംസ്ഥാന സർക്കാരിന്റെ കുടിശികയുള്ളത്. അതുകൊണ്ടുതന്നെ ഇനിയും ഇന്ധനം നൽകേണ്ടതില്ലെന്ന നിലപാടിലാണ് എണ്ണ കമ്പനികൾ.
കഴിഞ്ഞ മൂന്ന് മാസമായി ഇന്ധനക്ഷമം ഉണ്ടായിരുന്നുവെങ്കിലും ഡിജിപി ഇടപെട്ട് സർക്കാരിൽ നിന്നും അധിക തുക വാങ്ങിയെടുക്കുകയായിരുന്നു. എന്നാൽ അധിക തുകയും തീർന്ന സാഹചര്യത്തിലാണ് വീണ്ടും പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. മൂന്നോളം വാഹനങ്ങൾ ഉള്ള സ്റ്റേഷനുകളിൽ നിലവിൽ ഒരു വാഹനം മാത്രമാണ് നിരത്തിലിറങ്ങുന്നത്. നഗരത്തിൽ പ്രതിഷേധങ്ങളും മാർച്ചുകളും തുടർക്കഥയായതോടെ വാഹനം നിരത്തിലിറങ്ങാതെയും വയ്യ. അതുകൊണ്ടാണ് പോലീസുകാർ സ്വന്തം നിലയ്ക്ക് ഇന്ധനം നിറയ്ക്കുന്നത്. അതേസമയം, പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടലുകൾ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം.
0 Comments