banner

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; വാർത്ത സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ : ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ദോഹ അല്‍ മന്‍സൂറയിലാണ് അപകടമുണ്ടായത്. 

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായും ഔദ്യോഗിക അറിയിപ്പില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്നത് വ്യക്തമല്ല.

ദോഹയിലെ മന്‍സൂറ ഏരിയയിലുള്ള നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടമാണ് തകര്‍ന്നത്. പാകിസ്ഥാന്‍ ഈജിപ്ത്, ഫിലിപ്പിനോ പ്രവാസികള്‍ താമസിച്ചിരുന്ന കെട്ടിടമായിരുന്നു ഇതെന്നാണ് സൂചന. 

ഈ സമയം കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ഒരാള്‍ മരണപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിസരത്തുള്ള ജനങ്ങളുടെ സുരക്ഷയ്ക്കാ ആവശ്യമായ നടപടികളും സ്വീകരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.ബി റിങ് റോഡില്‍ ലുലു എക്സപ്രസിന് അല്‍പം പിന്‍വശത്തായി സ്ഥിതിചെയ്‍തിരുന്ന കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നത്. 

പൊലീസും സിവില്‍ ഡിഫന്‍സും ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തി ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. പ്രദേശം ഇപ്പോള്‍ സുരക്ഷാ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. അപകട സ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Post a Comment

0 Comments