banner

പിണറായി വിജയനും വിഡി സതീശനും നിയമസഭയില്‍ നേർക്കുനേർ; സഭയിൽ വന്‍ ബഹളം

തിരുവനന്തപുരം : സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള റൂള്‍ 50 ഇല്‍ തീരുമാനം ഉണ്ടായാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ വിഷയത്തിലും റൂള്‍ 50 അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ, സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവും നിലപാട് സ്വീകരിച്ചു.

വാച്ച് ആന്‍ഡ് വാര്‍ഡ് പ്രകോപനമില്ലാതെ ഉപദ്രവിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിന് എതിരെ നടപടി വേണം. അടിയന്തിര പ്രമേയം നല്‍കുന്നതിനുള്ള അവകാശം നിഷേധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് വി ഡി സതീശന്‍ ഉന്നയിച്ചത്. നിയമസഭയില്‍ സമാന്തര സഭ നടത്തിയതുമായി ബന്ധപ്പെട്ട് നടപടി വേണമെന്ന ആവശ്യം ഭരണപക്ഷം യോഗത്തില്‍ ഉയര്‍ത്തി. പിന്നാലെ യോഗം ധാരണയില്ലാതെ പിരിഞ്ഞു.

തുടര്‍ന്ന് നിയമസഭാ സമ്മേളനം ആരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു. എംഎല്‍എമാരെ കൈയേറ്റം ചെയ്ത വാച്ച് ആന്റ് വാര്‍ഡന്മാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. മൂന്നാം ദിവസവും ശക്തമായ പ്രതിഷേധമാണ് സഭയില്‍ ഉണ്ടായത്. 

സ്പീക്കര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേളയും റദ്ദാക്കി.
അതിനിടെ കഴിഞ്ഞ ദിവസം സഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് സ്പീക്കര്‍ പറഞ്ഞു. കേരള ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ്. സഭയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്ത് വിട്ടത് ശരിയായില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സഭാ ടിവി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചു. സഭ ടിവി പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും മറച്ചു വയ്ക്കുന്നു. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നുവെന്നാണ് വി ഡി സതീശന്റെ ആരോപണം. തുടര്‍ന്ന് സഭാ ടിവി കമ്മിറ്റിയില്‍ അംഗങ്ങളായ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെക്കും. ആബിദ് ഹുസൈന്‍ തങ്ങള്‍, എം വിന്‍സന്റ്, മോന്‍സ് ജോസഫ്, റോജി എം ജോണ്‍ എന്നിവരാണ് രാജിവെക്കുക. പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയില്‍ കാണിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.

Post a Comment

0 Comments