banner

കൂടുതൽ മാർക്ക് വാങ്ങാൻ സമ്മർദ്ദം; കോളേജിലെ ക്ലാസ് മുറിയിൽ പതിനാറുകാരൻ ആത്മഹത്യ ചെയ്തു

ഹൈദരാബാദ് : നർസിംഗിലെ ശ്രീ ചൈതന്യ ജൂനിയർ കോളേജിലെ ക്ലാസ് മുറിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഒന്നാം വർഷ എംപിസി വിദ്യാർത്ഥിയായ 16 വയസ്സുകാരൻ നഗുല സാത്വിക് ആണ് ക്ലാസ് മുറിയിൽ ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് സംഭവം. മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബം ഹോസ്റ്റൽ വാർഡനിൽ നിന്നും കുട്ടിക്ക് ശാരീരിക - മാനസിക പീഡനവും നേരിടേണ്ടി വന്നതായി ആരോപണമുന്നയിച്ചു.

സംഭവത്തിൽ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ വിദ്യാർഥികൾ പ്രതിഷേധവുമായി നർസിങ്ങി മെയിൻ റോഡ് ഉപരോധിച്ചു. പ്രതിഷേധങ്ങൾക്ക് പിന്നാലെ കുടുംബത്തിൻ്റെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 305 (ആത്മഹത്യ പ്രേരണ) പ്രകാരം കോളേജ്, ഹോസ്റ്റൽ അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. 

കൂടുതൽ മാർക്ക് വാങ്ങാനുള്ള സമ്മർദത്തെ തുടർന്നാണ് സുഹൃത്ത് സാത്വിക് ക്ലാസ് മുറിയിൽ ആത്മഹത്യ ചെയ്തതെന്ന് സഹപാഠി മാധ്യമങ്ങളോട് വ്യക്തമാക്കി. “ഇതിന്റെ പേരിൽ അവൻ ശാരീരിക പീഡനത്തിന് വിധേയനായി. തൽഫലമായി, അവൻ വിഷാദത്തിലേക്ക് പോകുകയും മറ്റുള്ളവരിൽ നിന്ന് സ്വയം ഒറ്റപ്പെടുകയും ചെയ്തു". കോളേജിൽ നിന്നുള്ള സമ്മർദ്ദമാണ് മരണത്തിന് കാരണമെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു.

Post a Comment

0 Comments