banner

റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ പേരും ഫോണ്‍ നമ്പറും എഴുതിയിട്ടു; അഞ്ച് വര്‍ഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പ്രതിയെ പൂട്ടി വീട്ടമ്മ

തിരുവനന്തപുരം ( Ashtamudy Live News ) : പേരും ഫോണ്‍ നമ്പറും റെയില്‍വേ സ്റ്റേഷന്‍ ശുചിമുറിയില്‍ എഴുതിവെച്ചയാളെ അഞ്ച് വര്‍ഷത്തെ അന്വേഷണത്തിലൂടെ കണ്ടെത്തി വീട്ടമ്മ. കേസില്‍ പൊലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

വീട്ടമ്മയുടെ പേരും ഫോണ്‍ നമ്പറും അശ്ലീല കമന്റോടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ശുചിമുറിയിലാണ് എഴുതിവെച്ചിരുന്നത്. 

2018 മുതല്‍ വീട്ടമ്മയ്ക്ക് അശ്ലീല ചുവയുളള ഫോണ്‍ കോളുകള്‍ എത്തിയിരുന്നു. ഇത് പതിവായതോടെയാണ് വീട്ടമ്മ തന്നെ അന്വേഷണം ആരംഭിച്ചത്.

തന്നെ വിളിച്ച ഒരാളില്‍ നിന്നുമാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭിത്തിയിൽ തൻറെ ഫോണ്‍ നമ്പറും പേരും എഴുതിവെച്ചിരിക്കുന്നതായി യുവതി അറിയുന്നത്. നമ്പര്‍ എഴുതിവെച്ചിരിക്കുന്നതിന്റെ ഫോട്ടോ ഇയാള്‍ വീട്ടമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

എന്നാല്‍ ഫോട്ടോ കണ്ടതോടെ അതിലെ കയ്യക്ഷരം യുവതിക്ക് പരിചയം തോന്നി. തന്റെ വീട് ഉള്‍പ്പെട്ട റസിഡന്റ്‌സ് അസോസിയേഷന്റെ മിനിറ്റ്‌സ് ബുക്കില്‍ ഈ കയ്യക്ഷരം കണ്ടതായി യുവതിക്ക് ഓര്‍മ വന്നു. 

പിന്നീട് അസോസിയേഷനിലെ കത്തുകള്‍ പരിശോധിക്കുകയും അതില്‍ ഒരാളുടെ കയ്യക്ഷരവുമായി സാമ്യം തോന്നുകയുമായിരുന്നു. 

തുടര്‍ന്ന് രണ്ട് കയ്യക്ഷരവും ഒന്നുതന്നെ ആണോ എന്ന് പരിശോധിക്കുന്നതിനായി ബെംഗളൂരുവിലെ സക്വാര്യ ലാബിലേക്ക് അയച്ചു. പിന്നാലെ അവിടെ നിന്ന് സ്ഥിരീകരണവും വന്നു. അങ്ങനെയാണ് കേസിലെ പ്രതിയിലേക്ക് യുവതി എത്തിയത്.

ശേഷം ഈ തെളിവുകള്‍ വെച്ച് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഫോറന്‍സിക് ലാബിലും അയച്ച് കയ്യക്ഷരം സ്ഥിരീകരിച്ചു. പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

Post a Comment

0 Comments