banner

പ്രതിപക്ഷ നേതാവിന്റെ നട്ടെല്ലിന്റെ ബലം അളക്കുവാൻ മന്ത്രി റിയാസിന് എന്ത് യോഗ്യതയെന്ന് കൊല്ലത്ത് ഷാഫി പറമ്പിൽ എംഎൽഎ

കൊല്ലം : സ്വന്തം നട്ടെല്ല് സ്വപ്ന സുരേഷിനും നരേന്ദ്ര മോദിക്കും പണയം വെച്ചിട്ടുള്ള മന്ത്രി മുഹമ്മദ് റിയാസിന് പ്രതിപക്ഷ നേതാവിന്റെ നട്ടെല്ലിന്റെ ബലം അളക്കുവാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. സ്വപ്ന സുരേഷ് നിരന്തരമായി മുഖ്യമന്ത്രിയെയും കുടുംബത്തെയും അടച്ചാക്ഷേപിച്ച് പത്രസമ്മേളനങ്ങൾ നടത്തുമ്പോൾ ഒരു മാനനഷ്ട കേസ് കൊടുക്കുവാൻ പോലും ആർജ്ജവം കാണിക്കാതെ, മോദി ഗവൺമെന്റ് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പേര് പറഞ്ഞു പോലും വിമർശനം നടത്തുവാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ ആർഎസ്എസ് വിരുദ്ധ സർട്ടിഫിക്കറ്റ് പ്രതിപക്ഷത്തിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തായാലും സംസ്ഥാനത്ത് ആയാലും ബിജെപിയോട് സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുകയാണ്. പാർലമെന്റിലും പുറത്തും കോൺഗ്രസിന്റെ എംപിമാരാണ് കേന്ദ്ര സർക്കാരിനെതിരെ കാര്യക്ഷമമായി നിലകൊള്ളുന്നത്. ഗ്യാസ് വിലവർധനവിൽ പ്രതിപക്ഷ നേതാവ് സമരത്തിന് ഇറങ്ങിയില്ലെന്ന ആക്ഷേപം കാപട്യമാണ്. പ്രതിപക്ഷ നേതാവിനെ ആർഎസ്എസ് ആക്കുവാൻ ശ്രമിക്കുന്നത് മുഹമ്മദ് റിയാസ് മന്ത്രി ആയതുപോലെ അത്ര എളുപ്പമായിരിക്കില്ല. സംസ്ഥാനത്ത് ആർഎസ്എസിനെതിരെ നേർക്കുനേർ യുദ്ധത്തിൽ ഏർപ്പെടുന്ന ആളാണ് പ്രതിപക്ഷ നേതാവ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംഘപരിവാർ വിരുദ്ധത റിയാസിന്റെ സാക്ഷ്യപത്രത്തിന് കാത്തുനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ തിരഞ്ഞെടുപ്പിനു ശേഷവും ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തിയിട്ടുള്ളത്. ബന്ധു നിയമനത്തിലൂടെ കടന്നുവന്ന ആളല്ല അദ്ദേഹം. ഗവൺമെന്റിനെ ചോദ്യം ചെയ്യുമ്പോൾ അതിനു മറുപടിയില്ലാത്തതിനുള്ള അസ്വസ്ഥതകളാണ് ഇത്തരം പുകമറയ്ക്ക് പിന്നിൽ. സ്പീക്കറുടെ ചെയ്തികൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടലാണ്. മുഖ്യമന്ത്രി സ്പീക്കറെ വിരട്ടുകയാണ്. സ്പീക്കറെ ഓഫീസ് സെക്രട്ടറിയായി കാണുന്ന തരത്തിലേക്ക് മുഖ്യമന്ത്രി അധപതിച്ചിരിക്കുകയാണ്. അടിയന്തര സമയത്തിനുള്ള അവകാശം ഉൾപ്പെടെ പലപ്പോഴും ഹനിക്കപ്പെടുന്നു. മന്ത്രി റിയാസ് അദ്ദേഹത്തിന്റെ പണിയെടുക്കണം എന്നും പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ ബലം അളക്കുവാൻ വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്നുണ്ട്. രണ്ടു ഭരണകൂടങ്ങൾക്കെതിരെയും നിരന്തരം നിലകൊള്ളുന്ന ക്രിയാത്മക പ്രതിപക്ഷമായാണ് മുന്നോട്ടുപോകുന്നത്. റിയാസിന് നിയമസഭാ സീറ്റ് ലഭിച്ചപ്പോൾ അത് പെയ്മെന്റ് സീറ്റ് ആണെന്ന് പറഞ്ഞിരുന്നത് അന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു എം പി വീരേന്ദ്രകുമാർ ആയിരുന്നു. അങ്ങനെയുള്ളവർ വി ഡി സതീശൻ എംഎൽഎ ആയതിന്റെ അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല. മുമ്പ് നിയമസഭയിൽ അഴിഞ്ഞാടിയവരാണ് കഴിഞ്ഞ ദിവസത്തെ സമരത്തെ തള്ളിപ്പറഞ്ഞത്. തങ്ങൾക്ക് അനുകൂലമായത് മാത്രം സംപ്രേഷണം ചെയ്താൽ മതിയെന്ന മോദി മോഡൽ പിണറായി വിജയൻ ഏറ്റെടുത്തിരിക്കുകയാണ്. സഭാ ടിവിയുടെ കാര്യത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്യാത്തത് അതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, ജില്ലാ പ്രസിഡന്റ് ആർ അരുൺരാജ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments