banner

'പാർട്ടിയും സെക്രട്ടറിയുമായി മകന് യാതൊരു ബന്ധവുമില്ല'; സ്വർണക്കടത്ത് കേസ് പ്രതിയുടെ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് വിജേഷിന്റെ പിതാവ്

കണ്ണൂര്‍ : സിപിഐഎമ്മുമായും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായും മകന് ബന്ധങ്ങളില്ലെന്ന് വിജേഷിന്റെ പിതാവ് ഗോവിന്ദന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. വിജേഷിന് ബിസിനസ് എന്നേ അറിയൂ. സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയില്ല.വിജേഷ് നാടുവിട്ട് പോയിട്ട് കാലം കുറെയായി. 

രണ്ടുദിവസം മുന്‍പ് പൊലീസ് വീട്ടിലെത്തി വിജേഷിനെ പറ്റി അന്വേഷിച്ചിരുന്നെന്നും ഗോവിന്ദന്‍  പ്രതികരിച്ചു.

എംവി ഗോവിന്ദന്റെ നിര്‍ദേശ പ്രകാരം വിജയ് പിള്ള എന്നയാള്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണവുമായാണ് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. എന്നാല്‍ വിജയ് പിള്ള അല്ല, വിജേഷ് പിള്ള എന്നയാളാണ് സ്വപ്‌ന പറഞ്ഞ ഇടനിലക്കാരനെന്ന് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.

സ്വപ്‌ന പറഞ്ഞത്: ''മൂന്ന് ദിവസം മുമ്പ് കണ്ണൂരില്‍ നിന്നും വിജയ് പിള്ള എന്നൊരാള്‍ നിരന്തരം വിളിച്ചു ഇന്റര്‍വ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ഞാന്‍ മക്കളുമായി ബെംഗളൂരുവിലെ ഹോട്ടലിലെത്തിയപ്പോള്‍ കേസ് സെറ്റില്‍ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. ഒരാഴ്ചത്തെ സമയം തരാം, മക്കളെയും കൊണ്ട് ബെംഗളൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ മാറണമെന്ന് പറഞ്ഞു. എംവി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് അയാള്‍ പറഞ്ഞത്. 

കേസുമായി ബന്ധപ്പെട്ട് എന്റെ കയ്യിലുളള എല്ലാ രേഖകളും വിവരങ്ങളും കൈമാറണം.''
''മുഖ്യമന്ത്രിയുടെയോ വീണയുടെേെയാ കമലാ മാഡത്തിന്റെയോ ബന്ധപ്പെട്ട എല്ലാം വിവരങ്ങള്‍ കൈമാറണം. അവര്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ എം വി ഗോവിന്ദന്‍ കൊന്നുകളയുമെന്നും വിജയ് പറഞ്ഞു. മലേഷ്യയിലേക്ക് മൂന്നുമാസത്തിനുള്ളില്‍ കള്ളവിസ തയാറാക്കിത്താരാം. 10 കോടി തരാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് 30 കോടിയാക്കി. എം വി ഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാ സഹായവും നല്‍കും. സ്വപ്ന സുരേഷ് ജീവിച്ചിരിക്കുന്നത് പോലും ആരും അറിയാന്‍ പാടില്ല. എവിടെ പോയി വേണമെങ്കിലും ജീവിക്കാന്‍ വേണ്ടതെല്ലാം മുഖ്യമന്ത്രിയും ഗോവിന്ദനും ചേര്‍ന്ന് നല്‍കുമെന്ന് പറഞ്ഞു.''

''യുഎഇയില്‍ വെച്ച് യൂസഫലിയെ ഉപയോഗിച്ച് എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാന്‍ യൂസഫലിക്ക് എളുപ്പമെന്നും അയാള്‍ പറഞ്ഞു. ഇതിന്റെ അവസാനം നരെ ഞാന്‍ ഫൈറ്റ് ചെയ്യും എന്ന് പിണറായി വിജയനോട് വ്യക്തമായും പറയുന്നു. ജീവനുണ്ടെങ്കില്‍ നിങ്ങളുടെ മകളുടെ എല്ലാ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തുവിടും.''

Post a Comment

0 Comments