banner

ഭൂതകാലത്തിന്റെ അടയാളപ്പെടുത്തലായി പ്രാക്കുളത്തെ ഗവ എൽ പി എസ് സംഘടിപ്പിച്ച സ്റ്റാമ്പ് - കറൻസി - നാണയ പ്രദർശനം

കൊല്ലം ( Ashtamudy Live News ): പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ സർവ്വ ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന എൻഹാൻസ്ഡ് ലേണിംഗ് ആമ്പിയൻസ് (ഇല) പദ്ധതിയുടെ ഭാഗമായി വിനോദവും വിജ്ഞാനവും  പകരുന്ന സ്റ്റാമ്പ് - കറൻസി - നാണയ പ്രദർശനം നടന്നു. രാജ്യത്തെയും പ്രമുഖ ഫിലാറ്റലിക് - ന്യൂമിസ്മാറ്റിക് സൊസൈറ്റികളിൽ അംഗമായ കണ്ണൂർ സ്വദേശി പി. മുഹമ്മദ് റഫീക്കിന്റെ ശേഖരമാണ് കുട്ടികൾക്കായി പ്രദർശിപ്പിച്ചത്. സ്കൂൾ കാലം മുതലുള്ള അദ്ദേഹത്തിന്റെ ശേഖരത്തിൽ പതിനായിരത്തിലധികം സ്റ്റാമ്പുകളും ഇരുന്നൂറിൽ പരം രാജ്യങ്ങളിൽ നിന്നുള്ള വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള നാണയങ്ങളും കറൻസികളുമുണ്ട്. എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ആസാദി കാ മഹോത്സവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പതിനേഴ് നാണയങ്ങൾ പ്രദർശനത്തിലുണ്ട്. രാജ്യത്തെ നാണയം നിർമ്മിക്കുന്ന മുംബൈ, കൊൽക്കത്ത, നോയിഡ, ഹൈദരാബാദ് എന്നീ നാലു മിന്റുകളിൽ നിന്നുള്ള നാണയങ്ങളാണ് ശേഖരത്തിലുള്ളത്. ഇന്ത്യയുടെ 50, 60, 125, 150, 350, 400, 550, 1000രൂപകളുടെ നാണയവുമുണ്ട്. ഈ അപൂർവ്വ നാണയങ്ങൾ നാലിരട്ടിയിലേറെ വില കൊടുത്താണ് റഫീഖ് സ്വന്തമാക്കിയത്. 

തപാൽ വകുപ്പ് പുറത്തിറക്കിയ ഗാന്ധിജിയുടെ കേരള സന്ദർശനം വിഷയമാക്കിയ അഞ്ച് പോസ്റ്റൽ കവറുകൾ, പരമ്പരാഗത കയർ ഉത്പന്നങ്ങളുടെ പറുദീസയായ ആലപ്പുഴയിൽ കയറു കൊണ്ട് നിർമ്മിച്ച തപാൽക്കവർ, ഖാദി തുണിയിൽ നിർമ്മിച്ച പോസ്റ്റൽ കവർ, വയനാട് ഗന്ധകശാല, ജീരകശാല തുടങ്ങിയ അരിയിനങ്ങളുടെ സാംപിൾ ഉൾപ്പെടുത്തിയ സ്പെഷ്യൽ കവറുകളും  പ്രദർശനത്തിലുണ്ട്. കേരളവുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളും കവറുകളും നാണയങ്ങളും പ്രത്യേക വിഭാഗമായി പ്രദ‍ർശിപ്പിച്ചിരുന്നത് ശ്രദ്ധേയമായി. രാവിലെ 11.00 മുതൽ 3.00 വരെ നടന്ന പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. പ്രദർശനം എസ് എസ് കെ ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ സജി റാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ. എസ്, അധ്യാപകരായ ജിബി ടി ചാക്കോ, വൃന്ദ ബി.ആർ, മിനിമോൾ. എൽ, മിനി. ജെ എന്നിവർ പ്രദശനത്തിന് നേതൃത്വം നൽകി.

Published as Received : ashtamudylivenews@gmail.com

Post a Comment

0 Comments