banner

കോവിഡ് കാലത്ത് പ്രധാനമന്ത്രി നല്‍കിയതാണെന്ന് കരുതി!, അക്കൗണ്ടിലെത്തിയ ലക്ഷങ്ങള്‍ ചെലവിട്ടു; യുവാവ് അറസ്റ്റില്‍

റാഞ്ചി : സ്വന്തമായി അക്കൗണ്ടില്‍ 650 രൂപ മാത്രമുണ്ടായിരുന്ന 42 കാരനായ ബീഡിനിര്‍മ്മാണ തൊഴിലാളിയ്ക്ക് കോവിഡ് കാലത്ത് അക്കൗണ്ടിലേക്ക് വന്നത് ലക്ഷങ്ങളാണ്. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ജീത്രായ് സാമന്തിന്റെ അക്കൗണ്ടിലേക്കാണ് പണം വന്നത്.

കോവിഡ് കാലത്ത് പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ കരുതലാണെന്ന് സാമന്ത് വിചാരിച്ചു. തുടര്‍ന്ന് ദിവസവും മോഡിയെ പ്രശംസിക്കാനും തുടങ്ങി. വരുമാനം നിലച്ച അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് ധനസഹായം നല്‍കുന്നതായി ഗ്രാമത്തില്‍ സംസാരമുണ്ടായിരുന്നു.


ഇതോടെ സാമന്ത് തന്റെ അക്കൗണ്ടിലെ തുക പരിശോധിക്കാന്‍ തീരുമാനിച്ചു. കോമണ്‍ സര്‍വീസ് സെന്ററിലെത്തി ആധാര്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഒരു ലക്ഷം രൂപ ബാലന്‍സായി കാണിച്ചു. തുടര്‍ന്ന് ഇദ്ദേഹം പല തവണകളായി പണം പിന്‍വലിക്കുകയായിരുന്നു. ഇപ്പോഴിതാ സാമന്തിന് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്.

ആറു കുട്ടികളുടെ പിതാവാണ് സാമന്ത്. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പിഴവാണ് ജീത്രായ് സാമന്തിന്റെ അക്കൗണ്ടിലേക്ക് പണം ഒഴുകാന്‍ കാരണമായത്.

ജാര്‍ഖണ്ഡില്‍ വിദൂര ഗ്രാമങ്ങളില്‍ സേവനം എത്തിക്കുന്നതിനായി സ്ഥാപിച്ച കോമണ്‍ സര്‍വീസ് സെന്ററിലാണ് ജീത്രായ് സാമന്ത് ആധാര്‍ സേവനത്തിനായി എത്തിയത്. എന്നാല്‍ അധാര്‍ നമ്പര്‍ തെറ്റായി നല്‍കിയപ്പോള്‍ മറ്റൊരു അക്കൗണ്ടുമായി ബന്ധിക്കപ്പെടുകയായിരുന്നു. ഈ അക്കൗണ്ടിലുണ്ടായിരുന്ന പണം അപ്രത്യക്ഷമായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സാമന്ത് അറസ്റ്റിലായത്.


പണം നഷ്ടമായതായി കാണിച്ച് യഥാര്‍ത്ഥ ഉടമ ബാങ്കിനെ സമീപിച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സാമന്തിനോട് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മോഡിയുടെ പേര് പറഞ്ഞ് തടിയൂരാനാണ് ശ്രമിച്ചത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

650 രൂപ മാത്രം അക്കൗണ്ടിലുണ്ടായിരുന്ന സാമന്ത് രണ്ട് ലക്ഷത്തോളം രൂപയാണ് ഇക്കാലയളവില്‍ പിന്‍വലിച്ചത്. 500 രൂപ മുതല്‍ 5000 രൂപ വരെയുള്ള തുകകളായാണ് പണമെടുത്തത്. ബാങ്കിന്റെ പരാതിയില്‍ മാര്‍ച്ച് 24നാണ് സാമന്ത് അറസ്റ്റിലായത്.

Post a Comment

0 Comments