banner

സ്വപ്നയുടെ ആരോപണം: മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടിയും മറുപടി പറയണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഫേസ് ബുക്ക് ലൈവിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 

ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എം വി ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരായ രേഖകൾ നൽകണമെന്നും ഇടനിലക്കാരനായ വിജയ് പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. 

സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കിൽ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിക്കും സിപിഐഎമ്മിനുമിടയിൽ ഇടനിലക്കാരുണ്ട്. നേരത്തെ മാധ്യമ പ്രവർത്തകനായ ഷാജ് കിരണിന്റെ പേരും ഉയർന്നുവന്നിരുന്നു. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷണം വേണം,' എന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments