banner

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ വിധി പറഞ്ഞ ജില്ലാ മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം

ഡല്‍ഹി : രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ വിധി പറഞ്ഞ സൂറത്ത് ജില്ലാ മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം. മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്‍മുഖ് വർമയ്ക്കാണ് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. സൂറത്ത് കോടതി സിജെഎം ആയി തുടരവേയാണ് ഹരീഷ് ഹസ്മുഖ് വർമ എന്ന എച്ച്.എച്ച് വര്‍മയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. 

വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് വിവാദമായത്. 

'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.

43കാരനായ വര്‍മ ഗുജറാത്ത് വഡോദര സ്വദേശിയാണ്. വര്‍മയുടെ പിതാവും അഭിഭാഷകനായിരുന്നു. മഹാരാജ സായാജിറാവു കോളേജിൽ നിന്നാണ് ഹരീഷ് വർമ ​​എൽഎൽബി പൂർത്തിയാക്കിയത്. ഇതിനുശേഷം ജുഡീഷ്യൽ ഓഫീസറായി. ജുഡീഷ്യൽ സർവീസിൽ 10 വർഷത്തിലേറെ അനുഭവസമ്പത്തുണ്ട്.

അതേസമയം മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരായ അപ്പീൽ ഏപ്രിൽ അഞ്ചിന് മുൻപ് സമർപ്പിക്കും . മനു അഭിഷേക് സിങ്‍വി ഉള്‍പ്പെടുന്ന കോൺഗ്രസിന്‍റെ നിയമ വിഭാഗം രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തു . മോദി പരാമർശത്തിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പട്ന കോടതി രാഹുലിന് നോട്ടീസ് അയച്ചു.

Post a Comment

0 Comments