banner

വിചാരണ പൂര്‍ത്തിയായെങ്കില്‍ മഅദനി ഇവിടെ തുടരണോ?; കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേയെന്ന് സുപ്രീംകോടതി

വിചാരണ പൂര്‍ത്തിയായി, ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചില്ലെങ്കില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേ എന്ന് സുപ്രിംകോടതി. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണയില്‍ അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ മഅദനി ബെംഗളൂരുവില്‍ തന്നെ തുടരേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

അതേസമയം, ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയാണ് അബ്ദുള്‍ നാസര്‍ മഅദനി സുപ്രിംകോടതിയെ സമീപിച്ചത്. തുടർന്ന് ഹര്‍ജി ഏപ്രില്‍ 13ന് പരിഗണിക്കാന്‍ മാറ്റി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് മഅദനിക്ക് വേണ്ടി ഹാജരായത്.

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്നും സുപ്രിം കോടതി സൂചന നല്‍കി. മുൻപ് മഅദനിക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഒരു കാരണവശാലും ബംഗളൂരു വിട്ടുപോകരുതെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.

പക്ഷെ ഇപ്പോൾ കേസിന്റെ വിചാരണ പൂര്‍ത്തിയായതിനാല്‍ ഇളവ് അനുവദിക്കണമെന്ന് കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബിരാനും കോടതിയെ അഭ്യര്‍ത്ഥിച്ചു. വിചാരണ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച കോടതി രേഖകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.

Post a Comment

0 Comments