banner

പരിക്കേറ്റ അയ്യപ്പന്മാര്‍ക്ക് ചികിത്സ നല്‍കി, സന്തോഷത്തോടെ കളിച്ച് ചിരിച്ച് റൂമിലേക്ക് മടങ്ങി; യുവ ഡോക്ടറുടെ ആത്മഹത്യ വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

പത്തനംതിട്ട : വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറുമായ ജി. ഗണേഷ്കുമാറിന് അന്ത്യയാത്ര നല്‍കി സഹപ്രവര്‍ത്തകരും പത്തനംതിട്ട ജില്ലാ ഭരണ കൂടവും.

ശബരിമലയിൽ നിന്നും മടങ്ങും വഴി ബസ് മറിഞ്ഞ് അപകടമുണ്ടായ തീർത്ഥാടകരെ ചികിത്സിച്ച ശേഷം, സുഹൃത്തുക്കൾക്കൊപ്പം ഫുട്‍ബോളും കളിച്ചായിരുന്നു ഗണേഷ് തന്റെ റൂമിലേക്ക് മടങ്ങിയത്. 

സന്തോഷത്തോടെ കളിച്ച് ചിരിച്ച് റൂമിലേക്ക് മടങ്ങിയ ഗണേഷിനെ പിറ്റേന്ന് മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ.

പുന്നലത്തുപടിയിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ഡോക്ടറെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജീവിതം മടുത്തു എന്ന് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്. മുറിയിലെ ഭിത്തിയിൽ കൈയിൽ മഷി പുരട്ടിയായിരുന്നു ഗണേഷ് തന്റെ അവസാന വാക്കുകൾ കുറിച്ച് വച്ചിരുന്നത്. ‘ഒറ്റയ്ക്കാണ്, തോറ്റുപോയി, ഞാൻ പോകുന്നു, ആർക്കും നിഴലാകുന്നില്ല’ എന്നായിരുന്നു ഭിത്തിയിൽ എഴുതിയിരുന്നത്.

വിവരം അറിഞ്ഞെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഗണേഷിന് ഭാര്യയും ബന്ധുക്കളുമുള്ളതാണ്. നാല് വർഷത്തോളമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്നു. സമൂഹപ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.

Post a Comment

0 Comments