banner

കാർ വാങ്ങാൻ പണത്തിനായി മോഷണം; ബാക്കി തുകയ്ക്കായി പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തി; കൊടും ക്രൂരതയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

കോട്ടയം ( Ashtamudy Live News ) : മണിമല പഴയിടത്ത് ഇരട്ടക്കൊലപാതക കേസിൽ പ്രതി അരുൺ ശശിക്ക് വധശിക്ഷ വിധിച്ച് കോടതി. പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അരുൺ ശശി. 2013 സെപ്റ്റംബർ 28-ന് തീമ്പനാൽ വീട്ടിൽ തങ്കമ്മ (68), ഭർത്താവ് ഭാസ്‌കരൻ നായർ (71) എന്നിവരെയാണ് കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് വർഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്.

പ്രതിക്ക് മേൽ ചുമത്തിയ ഭവനഭേദനം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജ് ജെ നാസർ നിരീക്ഷിച്ചു. അതേസമയം, ശിക്ഷാ വിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അരുൺ മറുപടി പറഞ്ഞില്ല. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് അപേക്ഷിക്കുകയായിരുന്നു പ്രതി. തന്റെ ഏകസഹോദരിയുടെ ഭർത്താവ് അർബുദബാധിതനാണ്. അരുൺമാത്രമേ അവർക്ക് ആശ്രയമായുള്ളൂ. 

മനഃപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാൽ, പ്രായവും മറ്റുസാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ദമ്പതിമാരെ ക്രൂരമായി കൊന്ന അരുൺ പല കേസുകളിലെ പ്രതിയാണെന്നും, പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കോടതി ആ വാദം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക് വിധിച്ചത്
പൊതുമരാമത്ത് സൂപ്രണ്ടായിരുന്ന ഭാസ്‌കരൻ നായരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥയായിരുന്ന തങ്കമ്മയുടെയും കൈവശം പണവും സ്വർണവും ധാരാളമുണ്ടാകുമെന്ന് കരുതിയ പ്രതി അത് കവരാനായാണ് കൊല നടത്തിയത്. തന്റെ കാർ അപകടത്തിൽപ്പെട്ട് മോശമായതിനാൽ പുതിയതിന് അരുൺ ബുക്കുചെയ്തിരുന്നു. എന്നാൽ അത് വാങ്ങിക്കാൻ പണം തികഞ്ഞിരുന്നില്ല. ഇതിനായി പണം കണ്ടെത്താൻ ഭാസ്‌കരൻ നായരെ സമീപിച്ചെങ്കിലും കൊടുത്തില്ല.

തുടർന്നാണ് സെപ്റ്റംബർ 28-ന് അരുൺ ചുറ്റിക ശരീരത്തിലൊളിപ്പിച്ച് ഇവരുടെ വീട്ടിലെത്തി ഇരുവരെയും തലയ്ക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ ഭാസ്‌കരൻ നായരെ തലയണകൊണ്ട് ശ്വാസംമുട്ടിക്കുകയും ചെയ്തിരുന്നു.

ഒന്നിലേറെപ്പേർ കൃത്യത്തിനുണ്ടെന്ന് തോന്നിക്കാൻ വാക്കത്തിയും കോടാലിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. കൊലചെയ്യാനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടിൽ ഒളിപ്പിച്ചു. തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾക്കുസമീപം മഞ്ഞൾപ്പൊടി വിതറി.

എന്നാൽ കവർച്ച നടത്തിയ തങ്കമ്മയുടെ ആഭരണം വിറ്റുകിട്ടിയ രണ്ടുലക്ഷം രൂപ കാറിന് തികയാത്തതിനാൽ മോഷണം നടത്തി അധികപണം കണ്ടെത്താൻ വീണ്ടും മോഷണത്തിനായി പ്രതി ഇറങ്ങിത്തിരിച്ചതാണ് കേസ് തെളിയാൻ തന്നെ കാരണമായത്.

കൊലപാതക കേസ് അന്വേഷണിച്ച അന്വേഷണ സംഘം അടുത്ത ബന്ധുക്കളെ സംശയിച്ചെങ്കിലും, അരുണിലേക്ക് അന്വേഷണമെത്തിയിരുന്നില്ല. ഇതിനിടെ കേസിലെ പ്രതിയെ പിടികൂടാൻ ആക്ഷൻ കൗൺസിലും അരുണിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു.

പിന്നീട് ഒക്ടോബർ 19-ന് കോട്ടയം റബ്ബർ ബോർഡിനുസമീപം സ്ത്രീയുടെ മാല പൊട്ടിച്ചോടിയ അരുണിനെ നാട്ടുകാർ പിടികൂടി ഈസ്റ്റ് പോലീസിൽ ഏൽപിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. 

വിശദമായി ചോദ്യംചെയ്തപ്പോൾ, മണിമലയിലേതടക്കം പല മോഷണക്കേസുകളും ഇയാൾ നടത്തിയതാണെന്ന് മൊഴി നൽകി. മണിമല പോലീസ് ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ബന്ധുക്കളെ കൊലപ്പെടുത്തിയ പഴയിടം കൊലപാതകവും സമ്മതിച്ചത്.

Post a Comment

0 Comments