banner

'മേയർ, നിങ്ങളുടെ യാത്ര സുഖമല്ലേ?'; കൊല്ലത്തെ നടുവൊടിയും യാത്രയ്ക്ക് അന്ത്യമില്ല!, നഗരാദ്ധ്യക്ഷയുടെ ഡിവിഷനിലും സമാന സ്ഥിതി

കൊല്ലം ( Ashtamudy Live News ) : കൊല്ലത്തെ നടുവൊടിയും യാത്രയ്ക്ക് രണ്ടരക്കൊല്ലമായിട്ടും അന്ത്യമില്ല. സിനിമാ ഡയലോഗ് പോലെ 'ഇപ്പൊ ശരിയാക്കാം' എന്ന് പറഞ്ഞ് പൊളിച്ചിട്ട താമരക്കുളം റോഡ് രണ്ടരക്കൊല്ലമായിട്ടും അധികൃത അനാസ്ഥയിൽ പുനഃനിർമ്മിക്കാൻ കഴിയാതെ കോർപ്പറേഷൻ. നഗരാദ്ധ്യക്ഷ പ്രസന്ന ഏണസ്റ്റിൻ്റെ ഡിവിഷനിലാണ് പൊതു റോഡിന്‌ ഈ ദുരവസ്ഥ. വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും കോർപ്പറേഷന് കുലുക്കമില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നു.

കൊല്ലം മേയറുടെ ഡിവിഷനിലെ കല്ലുപാലത്തുനിന്ന്‌ തുടങ്ങി കമ്പോളംവഴി ബീച്ച് റോഡിലേക്കെത്തുന്ന ഈ വഴിയിൽ ദിനേന ആയിരങ്ങളാണ് സഞ്ചരിക്കുന്നത്. റോഡ് കുത്തി പൊളിച്ചിട്ടിരിക്കുന്നത് കാരണം അപകടങ്ങൾ നടക്കാറുണ്ടെന്നും അല്പമൊന്ന് ശ്രദ്ധ തെറ്റിയാൽ പിന്നാലെയെത്തുന്ന വാഹനത്തിലടിയിലാവും യാത്രക്കാരൻ്റെ ജീവിതം. കഴിഞ്ഞ ദിവസം യുവമോർച്ചയുടെ നേതൃത്വത്തിൽ സ്ഥലത്ത് ഉന്തുവണ്ടി തള്ളി പ്രതിഷേധിച്ചിരുന്നു.

ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡ് കുത്തിപ്പൊളിച്ചതെന്നാണ് വിവരം. സംഭവത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ മാർച്ച് ഒന്നിന് മുൻപ് റോഡ് പണി പൂർത്തികരിച്ച് തുറന്നു നൽകുമെന്ന് മേയർ പറഞ്ഞിരുന്നു. ഇതിനായി 'സൗത്ത് താമരക്കുളം റോഡിന്റെ ടാറിങ് 20 മുതൽ മാർച്ച് ഒന്നു വരെ' നടക്കുന്നതായി കാണിച്ച് ഗതാഗത നിയന്ത്രണ അറിയിപ്പും പുറത്തുവിട്ടിരുന്നു. തുടർന്നും ഇതാണ് അവസ്ഥ - പ്രദേശവാസികളിലൊരാൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

Post a Comment

0 Comments