അഞ്ചലുംമൂട് : തെക്കിൻ്റെ ഗജവീരൻ തൃക്കടവൂർ ശിവരാജുവിന് ഗജരാജരത്നം പട്ടം. ഗജരാജ ആദരവിന്റെ ഭാഗമായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശിവരാജുവിന് ഗജരാജരത്നം പട്ടം നൽകി ആദരിക്കാനൊരുങ്ങുന്നത്. വരുന്ന ഏപ്രിൽ മാസം 18 ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ദേവസ്വം ബോർഡ് അംഗം എസ്.എസ്.ജീവൻ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ശിവരാജുവിന് ഗജരാജരത്നം പട്ടം ചാർത്തി ആദരിക്കും.
ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ആനയാണ് തൃക്കടവൂർ ശിവരാജു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും ഉയരവും തലയെടുപ്പുമുള്ള കൊമ്പനാണ് തൃക്കടവൂർ ശിവരാജു. 312 സെന്റിമീറ്റർ നീളമുണ്ട് തൃക്കടവൂർ ശിവരാജുവിന്. തിടമ്പേറ്റിക്കഴിഞ്ഞാൽ തല ഉയർത്തിപ്പിടിച്ച് കൊമ്പിൽ തുമ്പി കൈ ചുറ്റി മുഖവും കണ്ണും മൂടി ചെവിയാട്ടിയുള്ള നിൽപ്പും കാരണമായി സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും ആരാധകരേറെയുണ്ട് ഈ ഗജവീരന്.
രണ്ടര ലക്ഷം രൂപയിലാണ് ശിവരാജുവിന്റെ ഏക്കത്തുക തുടങ്ങുക. തിരക്കേറിയ ദിവസങ്ങളിലാണെങ്കിൽ ഒന്നിലധികം ആവശ്യക്കാരുണ്ടെങ്കിൽ ലേലം വിളിച്ചാണ് ഏക്കത്തുക ഉറപ്പിക്കുന്നത്. അത് മൂന്നു ലക്ഷത്തിന് മുകളിൽ വരെ പോയിട്ടുണ്ട്.
0 Comments