banner

അഞ്ചാലുംമൂട്ടിലുണ്ടായ തീപിടുത്തത്തിൽ കത്തിയമർന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം; തീയണയ്ക്കാൻ വേണ്ടി വന്നത് മണിക്കൂറുകൾ നീണ്ട പരിശ്രമം

അഞ്ചാലുംമൂട്ടിലുണ്ടായ തീപിടുത്തത്തിൽ കത്തിയമർന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം. ഇന്ന് ഉച്ചതിരിഞ്ഞ് 2.45 ഓടെയാണ് സംഭവം. അഞ്ചാലുംമൂട്ടിലെ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ വേർതിരിക്കൽ കേന്ദ്രത്തിലാണ് വൻ തീപിടുത്തമുണ്ടായത്. ഹരിത കർമ്മ സേനയുടെ നേതൃത്യത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിക്കുന്നതിവിടെ നിന്നായിരുന്നു. അടുത്തിടെയാണ് ഈ കെട്ടിടം കോർപ്പറേഷന് വിട്ടുനൽകിയത്. 

തീപിടുത്തതിൻ്റെ കാരണങ്ങൾ സംബന്ധിച്ച് വിദഗ്ദ പരിശോധനകൾക്ക് ശേഷം മാത്രമേ പറയാൻ കഴിയൂവെന്ന് ജില്ലാ ഫയർ ഓഫീസർ വിസി വിശ്വനാഥ് വ്യക്തമാക്കി. ജില്ലയിലെ ചാമക്കട, കുണ്ടറ, ചവറ എന്നീ ഫയർ ഡിവിഷനുകളിൽ നിന്നായി ആറ് ഫയർ യൂണിറ്റ് എത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക്ക് മാലിന്യമായതിനാൽ തീ ശേഷിക്കാനുള്ള സാധ്യതയേറെയാണ് അതിനാൽ ദീർഘന്നേരം പരിശോധനകൾ നടത്തിയ ശേഷമാണ് ഫയർഫോഴ്സ് സംഘം മടങ്ങിയത്.

കെട്ടിടത്തിന് പിറകിൽ നിന്ന് പുക ഉയരുന്ന ശ്രദ്ധിച്ച പ്രദേശവാസികളാണ് വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. തൊട്ടടുത്ത കെട്ടിടത്തിൽ നാലോളം സ്ത്രീകളും മാലിന്യ വേർതിരിക്കൽ ജോലിയിലുണ്ടായിരുന്നു.  സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരെത്തി പുക ഉയരുന്നതായി അറിയിച്ചതോടെയാണ് ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചത്. പിറകിലായി കൂടിക്കിടന്ന മാലിന്യത്തിന് ചെറുതായി തീ പിടിച്ചിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ തീ ആളിക്കത്തി കെട്ടിടത്തിനുള്ളിലേക്കും പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പിന്നാലെ സംഭവസ്ഥലത്തേക്ക് ഫയർ യൂണിറ്റുകളെത്തി ഇവരുടെ നേതൃത്വത്തിൽ സമീപത്തുണ്ടായിരുന്ന യുവാവും സിവിൽ ഡിഫൻസ് സേനാംഗങ്ങളും ചേർന്ന് തീയണയ്ക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. കെട്ടിടത്തിന് പിൻ ഭാഗത്തെ ജനലുകൾ തകർക്കുകയും കെട്ടിടത്തിന് ഉള്ളിലൂടെ കടന്നുമാണ് തീയണച്ചത്.

ഏറെ നാളായി കോർപ്പറേഷൻ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വേർതിരിക്കൽ നടക്കുന്നതിവിടെയാണ്. ഏകദേശം അൻപത് ടണ്ണോളം മാലിന്യം ഇവിടെ സൂക്ഷിച്ചിരുന്നതായാണ് വിവരം. ഭൂരിഭാഗവും കത്തി നശിച്ചതായും ബാക്കിയുള്ളവ പുനരുപയോഗിക്കാൻ കഴിയാത്തവണ്ണം നശിച്ചതായും അധികൃതർ പറഞ്ഞു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മധു, കോർപ്പറേഷൻ ആരോഗ്യ വിഭാഗം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ പവിത്ര.യു, ഡിവിഷൻ കൗൺസിലർ സ്വർണ്ണമ്മ, തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ അജ്മീൻ എം.കരുവ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.

Post a Comment

0 Comments