banner

അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് തീവണ്ടിയാത്ര; യുവാവ് ആർപിഎഫ് പിടിയിൽ

പാലക്കാട് : അടി വസ്ത്രത്തിനുള്ളിൽ എഴുന്നൂറ് ഗ്രാം ദ്രവ രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ച് ട്രെയിനിൽ യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി ജംഷീറിനെയാണ് ഒലവക്കോട് സ്‌റ്റേഷനിൽ ആർപിഎഫ് സംഘം പിടികൂടിയത്. വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കാൻ ദുബായിൽ നിന്നും ശ്രീലങ്ക വഴി കൊൽക്കത്തയിലെത്തി പിന്നീട് ട്രെയിൻ മാർഗം കോഴിക്കോട്ടേക്ക് സഞ്ചരിക്കുകയായിരുന്നു.

ദുബായിൽ നിന്നും വിമാന മാർഗം ശ്രീലങ്ക. ശ്രീലങ്കയിൽ നിന്നും പറന്ന് കൊൽക്കത്തയിലെത്തി. ബിലാസ് പൂരിൽ നിന്നും ട്രെയിൻ മാർഗം ചെന്നൈയിലെത്തി. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ തുടര്‍ന്ന് കോഴിക്കോട്ടേക്ക് യാത്ര. ഇതിനിടയിലാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് സംഘം ജംഷീറിനെ കണ്ടത്. അസ്വാഭാവികത തോന്നി ബാഗില്‍ വിശദമായ പരിശോധന. പുത്തന്‍ വസ്ത്രവും മൊബൈലും സോപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മാത്രം. കൈയില്‍ മറ്റെന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജംഷീര്‍ വീണ്ടും പരുങ്ങി. തുടര്‍ന്നാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ദ്രവരൂപത്തിലുള്ള സ്വര്‍ണം കണ്ടെടുത്തത്.

വിദേശത്ത് നിന്നും പതിവായി സ്വര്‍ണം കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ജംഷീറെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളങ്ങളിലെ പരിശോധന ശക്തമായ സാഹചര്യത്തിലാണ് രണ്ട് രീതിയിലും സ്വര്‍ണം കടത്തുന്നത് ശീലമാക്കിയത്. പിടികൂടിയ സ്വര്‍ണത്തിന് മുപ്പത്തി അഞ്ച് ലക്ഷത്തിലധികം മൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജംഷീറിന്റെ വരവും കാത്തുണ്ടായിരുന്ന ആളെക്കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സ്വര്‍ണവും ജംഷീറിനെയും ആര്‍പിഎഫ് കസ്റ്റംസിന് കൈമാറി.

Post a Comment

0 Comments