banner

തമിഴ്നാട്ടിൽ നിന്ന്‌ കൊല്ലത്തേക്ക് കെഎസ്ആർടിസി.ബസിൽ സഞ്ചരിച്ച രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ; പിടികൂടിയത് 32 ഗ്രാം എം.ഡി.എം.എ.യുമായി; കണ്ണിലൊഴിക്കുന്ന മരുന്നും ചുണ്ടിൽ പുരട്ടുന്ന ക്രീമും കണ്ടെടുത്തു

കൊല്ലം : കെ.എസ്.ആർ.ടി.സി ബസിൽ തമിഴ്നാട്ടിൽനിന്നും കൊല്ലത്തേക്ക് എത്തിച്ച 32 ഗ്രാം എം.ഡി.എം.എ.യും 17 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പുനലൂർ എക്സൈസ് സംഘം അറസ്റ്റ്‌ ചെയ്തു. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമൂക്ക് പടിക്കൽ പിലാക്കണ്ടി വീട്ടിൽ ഷംനാദ് (34), കാസർകോട്‌ മഞ്ചേശ്വരം മംഗൽപാടി പേത്തൂർ പുളിക്കുന്നിവീട്ടിൽ മുഹമ്മദ് ഇമ്രാൻ (29) എന്നിവരാണ് പിടിയിലായത്. വായുസമ്പർക്കംമൂലം അലിഞ്ഞുപോകാതിരിക്കാൻ ചെറിയ അലുമിനിയം ബോക്സിലാണ് എം.ഡി.എം.എ. കടത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തെന്മല എം.എസ്.എല്ലിനു സമീപമായിരുന്നു പരിശോധന. തെങ്കാശിയിൽനിന്ന് കൊല്ലത്തേക്കു വരികയായിരുന്നു ബസ്‌. പ്രതികളിൽ നിന്ന് കണ്ണിലൊഴിക്കുന്ന മരുന്നുകളും ചുണ്ടിൽ പുരട്ടുന്ന ക്രീമും കണ്ടെത്തി. ലഹരി ഉപയോഗം പുറത്തറിയാതിരിക്കാനാണ് ഇത്തരം മരുന്നുകൾ ഇവർ ഉപയോഗിക്കുന്നത്. ഇവരിൽ നിന്ന് തീരെ ചെറിയ ഇലക്ട്രാണിക്ക് ത്രാസും എക്സൈസ് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.

പ്രതികൾക്ക് സാമ്പത്തികസഹായം നൽകിയവർക്കെതിരേ അന്വേഷണമുണ്ടാകുമെന്നും ഇതിനായി പ്രത്യേക സംഘം രൂപവത്‌കരിക്കുമെന്നും ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.റോബർട്ട്, ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ബി.സുരേഷ്, പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.സുദേവൻ എന്നിവർ പറഞ്ഞു.

തുടർനടപടികൾക്കായി പ്രതികളെ അഞ്ചൽ എക്സൈസ് റേഞ്ചിലേക്ക് കൈമാറി. പ്രിവന്റീവ് ഓഫീസർമാരായ എ.അൻസാർ, കെ.പി.ശ്രീകുമാർ, ബി.പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

إرسال تعليق

0 تعليقات