banner

‘ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയം ചിലരെ വേദനിപ്പിക്കുന്നു, അതിനാലാണ് ആക്രമണം’; പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി : രാജ്യത്തെ ജനാധിപത്യത്തിന്റെ വിജയം ചിലരെ വേദനിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവർ അതിനെ ആക്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനാധിപത്യ അവസ്ഥയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയായിരുന്നു മോദിയുടെ പരാമർശം. രാജ്യം ആത്മവിശ്വാസവും നിശ്ചയദാർഢ്യവും നിറഞ്ഞതായിരിക്കുകയും ലോകത്തിലെ ബുദ്ധിജീവികൾ ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരക്കാർ അശുഭാപ്തിവിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തെ വിലകുറച്ചുകാണിക്കുകയും രാജ്യത്തിന്റെ മനോവീര്യം വ്രണപ്പെടുത്തുകയും ചെയ്യുന്നതെന്നും ഇന്ത്യാടുഡേ കോൺക്ലേവിൽ പ്രധാനമന്ത്രി പറഞ്ഞു.

“നല്ല കാര്യങ്ങൾ നടക്കുമ്പോൾ കണ്ണേറ് തട്ടാതിരിക്കാൻ (കാല ടിക്ക) കരി പ്രയോഗിക്കുന്ന പതിവുണ്ട്. പല ശുഭകാര്യങ്ങളും നടക്കുമ്പോൾ ചിലർ ഈ ‘കാലടിക്ക’ പ്രയോഗിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണെന്ന് കരുതിയാൽ മതി”- ആരുടെയും പേരെടുത്ത് പറയാതെ മോദി പറഞ്ഞു. യുകെ സന്ദർശനത്തിനിടെ രാഹുൽ ​ഗാന്ധി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസം​ഗിച്ചെന്ന ബിജെപി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം. ജനാധിപത്യം നടപ്പിലാക്കാൻ കഴിയുന്ന ഒന്നാണെന്ന് ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുത്തെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

إرسال تعليق

0 تعليقات