തിരുവനന്തപുരം : ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വി പി ജോയ് വിരമിക്കുന്നു. ജൂലൈയിലാണ് വി പി ജോയി വിരമിക്കുക. നിലവിലെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. വി വേണു അടുത്ത ചീഫ് സെക്രട്ടറിയായേക്കും.
വി പി ജോയ് വിരമിച്ചാൽ കാബിനറ്റ് സെക്രട്ടറിയേറ്റ് (കോ ഓഡിനേഷൻ) സെക്രട്ടറിയായ അൽകേഷ് കുമാർ ശർമയ്ക്കോ, ഇന്ത്യ ടൂറിസം സിഎംഡി കമല വർധന റാവുവിനോ രണ്ടു മാസം ചീഫ് സെക്രട്ടറി പദവി വഹിക്കാനുളള അവസരമുണ്ടാകും. വി വേണു ഉൾപ്പെടെയുളള ഈ മൂന്ന് ഉദ്യോഗസ്ഥരും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. എന്നാൽ ഇരുവർക്കും സംസ്ഥാനത്തേക്ക് മടങ്ങാൻ താത്പര്യമില്ലെന്നാണ് വിവരം.
വി വേണുവിനെക്കാൾ സീനിയോറിറ്റിയുള്ള കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയില്ല. 2021 മാർച്ചിലാണ് സംസ്ഥാനത്തെ 47-ാമത് ചീഫ് സെക്രട്ടറിയായി വി പി ജോയ് സ്ഥാനമേറ്റത്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു. എറണാകുളം സ്വദേശിയാണ് വി പി ജോയ്.
0 Comments