കൊല്ലം : പട്ടത്താനത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുനിലിന് സഹപ്രവർത്തകനെ കൊന്ന കേസിലും ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷംരൂപ പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം അധികം തടവ് കൂടി അനുഭവിക്കണം.
പാർവത്യാർ മുക്കിലെ ശ്രീജ വെൽവർക്‌സിലെ ജീവനക്കാരനായിരുന്ന വടക്കേവിള സ്വദേശി സുരേഷ്ബാബുവിനെ (41, സുര) കൊലപ്പെടുത്തിയ കേസിൽ കൊല്ലം നാലാം അഡിഷണൽ ജില്ലാകോടതി ജഡ്ജി എസ്. സുഭാഷ് ആണ് ശിക്ഷ വിധിച്ചത്.
പിഴത്തുക കൊല്ലപ്പെട്ട സൂരയുടെ വൃദ്ധ മാതാവ് ലളിതക്കും, ബുദ്ധിമാന്ദ്യമുള്ള സഹോദരൻ സുജൻബാബുവിനുമായി നൽകാനും കോടതി ഉത്തരവായി . മദ്യപിച്ചതിന്റെ പങ്കു പണത്തെ ചൊല്ലിയുള്ള തർക്കത്തിൽ സുനിൽ ചുറ്റികയും മറ്റും ഉപയോഗിച്ച് സുരേഷ്ബാബുവിനെ അടിച്ചുകൊന്നുവെന്നാണ് കേസ്. ഈ കേസിൽ സുനിലിനെ ജാമ്യത്തിലിറക്കിയ അമ്മ സാവിത്രി യമ്മയെയാണ് പിന്നീട് സ്വത്തിന് വേണ്ടി ജീവനോടെ കുഴിച്ചുമൂടിയത്.
കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സുനിൽ ഇപ്പോൾ ജയിലിലാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.ബി.മഹേന്ദ്ര ഹാജരായി. കൊല്ലം കൺട്രോൾ റൂം സി.ഐയായിരുന്ന എസ്. ഷെരീഫാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
0 Comments