banner

ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയ ക്യാമ്പില്‍ നിന്ന് വിട്ടു നിന്നത് 1107 അദ്ധ്യാപകർ; നടപടിയെടുത്തേക്കും



തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയ ക്യാമ്പില്‍ നിന്ന് ഒന്നിലേറെ ദിവസം വിട്ടു നിന്ന 1107 അധ്യാപകരുടെ ലിസ്റ്റ് പുറത്തുവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. ഏപ്രില്‍ പതിനൊന്ന് വരെയുള്ള
കണക്കാണിത്. വ്യക്തമായ കാരണമില്ലാതെ വിട്ടുനില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ മാനുവല്‍ പ്രകാരം അച്ചടക്ക നടപടിയെടുക്കാനാണ് നീക്കം. 

ക്യാമ്പില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്ന അദ്ധ്യാപകരുടെ പട്ടികയും ക്യാമ്പ് കഴിയുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും. ഡ്യൂട്ടി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഇന്‍ക്രിമെന്റ് ഡീ ബാര്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികളാണ് മാനുവലില്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍, എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പിലെ അധ്യാപകര്‍ക്ക് ഇത്തരം ചട്ടങ്ങളോ നിയമങ്ങളോ ഇല്ലെന്ന് ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ പറയുന്നു. ഇക്കഴിഞ്ഞ മൂന്നിനാണ് 80 സെന്ററുകളിലായി 25,000ത്തോളം അധ്യാപകര്‍ പങ്കെടുക്കുന്ന ഹയര്‍സെക്കന്‍ഡറി മൂല്യ നിര്‍ണയ ക്യാമ്പ് ആരംഭിച്ചത്. മേയ് 20 ന് ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് വിട്ടു നിന്ന 1972 അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെങ്കിലും, അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കി.

Post a Comment

0 Comments