banner

ഡ്രൈ ഡേയിൽ മദ്യവില്പന!, കൊല്ലത്ത് ചാരായ വില്പന നടത്തിയ ആളടക്കം 12 പേർ പിടിയിൽ

കൊല്ലം : ഡ്രൈ ഡേയായിരുന്ന ശനിയാഴ്ച എക്സൈസ് ഉദ്യോഗസ്ഥർ ജില്ലയിൽ നടത്തിയ പരിശോധനയിൽ ചാരായ വില്പന നടത്തിയ ആളടക്കം 12 പേരെ അറസ്റ്റ് ചെയ്തു. 14 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 20 ലിറ്റർ ചാരായവും 1140 ലിറ്റർ കോടയും 50 ലിറ്റർ വിദേശമദ്യവും പിടികൂടി.

കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും 1140 ലിറ്റർ കോടയുമായി നേടുവത്തൂർ ഇടക്കടമ്പിൽ തെക്കെതിൽ വീട്ടിൽ സന്തോഷ് (51) പിടിയിലായി. 10 ലിറ്റർ ചാരായവുമായി കലയപുരം പെരുംകുളംചരുവിള പടിഞ്ഞാറ്റതിൽവീട്ടിൽ അനിലിനെയും (43) പിടികൂടി.

കൊല്ലം അസി. എക്സൈസ് ഇൻസ്പെക്ടർ കെ.രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 17 ലിറ്റർ മദ്യവുമായി വടക്കേവിള തൈവേലി തെക്കെതിൽ വീട്ടിൽ ഡൊമിനിക് (53) കുടുങ്ങി. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പരിധിയിൽ നടന്ന പരിശോധനയിൽ 11 ലിറ്റർ വിദേശമദ്യവുമായി നീണ്ടകര സെന്റ് ആന്റണീസ് വീട്ടിൽ ജോഷി പോൾ (34), ശങ്കരമംഗലം ആവണി വീട്ടിൽ അനിൽകുമാർ (53) എന്നിവർ പിടിയിലായി. അസി. എക്സൈസ് ഇൻസ്പെക്ടർ വിജിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ മദ്യ വില്പന നടത്തുകയായിരുന്ന പുതുക്കാട് ബാബു നായർ (59), പത്തനാപുരം എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ പട്ടാഴി മാലൂർ രാജീവ് ഭവനിൽ രാഘവൻ, കൊട്ടാരക്കര എക്സൈസിന്റെ റെയ്ഡിൽ ചക്കുവരക്കൽ ചാരുംകുഴി വീട്ടിൽ വിജു(41) എന്നിവരും പിടിയിലായി.

കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ പരിധിയിൽ കല്ലേലിഭാഗം കൊച്ചു മഠത്തിൽ കിഴക്കത്തിൽ വീട്ടിൽ ബേബി (48), അഞ്ചൽ റേഞ്ച് പരിധിയിൽ കരവാളൂർ ഗോപികാ ഭവനിൽ അനിൽകുമാർ (47), എഴുകോൺ റേഞ്ച് പരിധിയിൽ മാറനാട് അനിൽകുമാർ (49), ചടയമംഗലം റേഞ്ച് പരിധിയിൽ കടയ്ക്കൽ കൊച്ചാട്ടുപുറം സുനേഷ് ഭവനിൽ സുനേഷ് (55), പത്തനാപുരം റേഞ്ചിൽ പിറവന്തൂർ രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് (31) എന്നിവരും പിടിയിലായി.

إرسال تعليق

0 تعليقات