banner

35,000 കോടി രൂപ ബാങ്കുകളിൽ കെട്ടികിടക്കുന്നത് അവകാശികളില്ലാതെ; പണം റിസർവ് ബാങ്കിലേക്ക് മാറ്റി

ഡൽഹി : ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന 35,000 കോടി രൂപ റിസര്‍വ് ബാങ്കിലേക്ക് മാറ്റി. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാഡ് ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചത്.

10.24 കോടി അക്കൗണ്ടുകളിലെ പണത്തിനാണ് അവകാശികളില്ലാത്തത്. 10 വർഷമോ അതിൽ കൂടുതലോ വർഷമായി പ്രവർത്തനരഹിതമായ നിക്ഷേപ തുകയാണ് ആർബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി അവസാനം വരെയുള്ള കണക്കാണിത്. ആര്‍ബിഐയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി ലോക്സഭയിൽ വിവരം അറിയിച്ചത്.

എസ്ബിഐയിലാണ് ഇത്തരത്തിൽ അവകാശികളില്ലാത്ത നിക്ഷേപ തുക കൂടുതൽ ഉള്ളത്. 8,086 കോടി രൂപ എസ്ബിഐയിലുണ്ടായിരുന്നു. പഞ്ചാബ് നാഷ്ണൽ ബാങ്കിൽ 5,340 കോടി രൂപയും കനറാ ബാങ്കിൽ 4,558 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയിൽ 3,904 കോടി രൂപയുമാണ് ഉണ്ടായിരുന്നത്. ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന പണം ഉടമകളിലേക്കെത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

രണ്ട് വർഷത്തിനിടെ പ്രവർത്തനരഹിതമായ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ ഒരു പ്രത്യേക ഡ്രൈവ് ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ പത്തു വർഷമോ അതിൽ കൂടുതലോ അവകാശികളില്ലാത്ത അക്കൗണ്ടുകളുടെ ലിസ്റ്റ് അതത് വെബ്‌സൈറ്റുകളിൽ ഉടമകളുടെ പേരും വിലാസവുമുൾപ്പടെ ബാങ്കുകൾ പ്രദർശിപ്പിക്കണം. ഇതുവഴി പ്രവർത്തനരഹിതമായ അക്കൗണ്ടിന് അവകാശികൾക്ക് (നോമിനി) നിയമപരമായി അതത് ബാങ്കുകളെ സമീപിച്ച് നടപടികൾ തുടങ്ങാവുന്നതാണ്. 

പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ കണ്ടെത്തി അവകാശികളെ തേടാൻ നടപടികൾ സ്വീകരിക്കണമെന്ന് ആർബിഐയും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments