banner

80 ലക്ഷം ലോട്ടറി അടിച്ചതിന് കൂട്ടുകാർക്ക് മദ്യസല്‍ക്കാരം, വാക്കുതര്‍ക്കത്തിനിടെ ഒരു മീറ്റര്‍ താഴ്ചയിലേക്ക് വീണു പരിക്കേറ്റു; യുവാവിന്റെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം പാങ്ങോട് 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതിന് പിന്നാലെ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പാങ്ങോട് സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ലോട്ടറിയടിച്ചതിന്റെ സന്തോഷം പങ്കിടാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ മദ്യ സല്‍ക്കാരത്തിനിടെയായിരുന്നു മരണം. വാക്കുതര്‍ക്കത്തിനിടെ സജീവ് വീട്ടുമുറ്റത്തു നിന്ന് ഒരു മീറ്റര്‍ താഴ്ചയിലുളള റബ്ബര്‍ തോട്ടത്തിലേക്ക് വീണെന്നാണ് സുഹൃത്തുക്കളുടെ മൊഴി. 

കഴിഞ്ഞ ദിവസമാണ് ലോട്ടറിയടിച്ച പണം സജീവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത്. തുടര്‍ന്ന് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍ പിളളയുടെ വീട്ടില്‍ മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. ഇതിനിടെ സുഹൃത്തുക്കള്‍ക്കിടെയില്‍ തര്‍ക്കമുണ്ടായെന്നാണ് വിവരം. റബ്ബര്‍ തോട്ടത്തിലേക്ക് വീണ സജീവിന് പരിക്കേറ്റിട്ടില്ലെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

Post a Comment

0 Comments