banner

അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലത്തെക്കുറിച്ച് തീരുമാനമായി; വിദ​ഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും



ഇടുക്കി : അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലം വിദഗ്ധ സമിതി തീരുമാനിച്ചു. റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും. പറമ്പിക്കുളത്തിന് പകരമുള്ള സ്ഥലങ്ങൾ സർക്കാർ സമിതിക്ക് കൈമാറിയിരുന്നു.

സ്ഥലം വെളിപ്പെടുത്താതെ മുദ്രവെച്ച കവറിൽ കൈമാറണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. അപ്രകാരം തന്നെയാണ് അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം സംബന്ധിച്ച വിവരം സർക്കാർ സമിതിക്ക് കൈമാറിയത്. ഇതു സംബന്ധിച്ച പ്രാഥമിക ചർച്ച കഴിഞ്ഞ ദിവസം സമിതി നടത്തിയിരുന്നു. അരിക്കൊമ്പനെ സ്ഥലം മാറ്റുന്ന കാര്യത്തിൽ അന്ന് തീരുമാനമായിരുന്നില്ല. പിന്നാലെയാണ് ഇന്ന് വീണ്ടും വിദഗ്ധ സമിതി യോഗം ചേർന്നത്.

നാളെ വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറിയ ശേഷം അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച് തീരുമാനം സർക്കാരിനെടുക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം നാളെ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ടുളള ഹർജി സുപ്രീംകോടതി വീണ്ടും തളളി. സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് തളളിയത്. നേരത്തെ സംസ്ഥാന സർക്കാരിന്റെ ഹർജി തളളിയതാണെന്ന് കോടതി വ്യക്തമാക്കി. ആനയെ കോടനാട്ടേക്ക് മാറ്റണമെന്നായിരുന്നു ഹർജി. വിദ​ഗ്ധ സമിതിയുടെ റിപ്പോർട്ട് അം​ഗീകരിക്കില്ലെന്നും ഹർജിക്കാർ വാദിച്ചു. വി​ദ​ഗ്ധ സമിതിയിലുളളവർ വിദ​ഗ്ധരല്ലെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. അഭിഭാഷകരായ വിഷ്ണു പ്രസാദ്, വി കെ ബിജു എന്നിവരാണ് കോടതിയെ സമീപിച്ചത്.

Post a Comment

0 Comments