കോഴിക്കോട് : കോഴിക്കോട് വസ്ത്രശാലക്ക് തീപിടിച്ചു. കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍ തീപിടുത്തം. രണ്ടാം നില പൂര്‍ണ്ണമായി കത്തി നശിച്ചു. താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി.
രാവിലെ ആറര മണിയോടെയാണ് കെട്ടിടത്തിന്‍റെ ആനിഹാള്‍ റോഡ് ഭാഗത്ത് രണ്ടാം നിലയിലാണ് തീ കണ്ടത്. ഇതേ സമയം തന്നെ താഴെ നിര്‍ത്തിയിട്ട രണ്ട് കാറുകളും കത്തുന്നനിലയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തീവ്യാപിച്ചതോടെ ഫയര്‍ഫോഴ്സ് എത്തി. തീ അണക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും പടര്‍ന്നു. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പെടെ ഇരുപതോളം ഫയര്‍ഫോഴ് യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണത്തിലാക്കിയത്. തീപിടുത്ത കാരണം വ്യക്തമല്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫ് അലി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍റെ പരിശോധന കര്‍ശനമാക്കുമെന്നും മേയര്‍ അറിയിച്ചു. വിഷുവും ചെറിയ പെരുന്നാളും മുന്നില്‍ കണ്ട് വലിയതോതില്‍ സ്റ്റോക്ക് സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ നാശനഷ്ടം ഉണ്ടായതായാണ് പ്രഥമിക വിലയിരുത്തല്‍. തുണിത്തരങ്ങള്‍ക്ക് തീപിടിച്ചതും തീയണക്കാനുള്ള പ്രവര്‍ത്തികള്‍ ശ്രമകരമാക്കി.
0 تعليقات