banner

അരിക്കൊമ്പന് പുതിയ വാസസ്ഥലം; പ്രശ്നത്തിൽ നടപടികൾക്കായി സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി



കൊച്ചി : ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ ഭീഷണി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മാറ്റുന്നതിനു പറമ്പിക്കുളത്തിനു പകരം സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിനു കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി.

പുനരധിവാസത്തിന് പുതിയ സ്ഥലം വിദഗ്ധ സമിതി തീരുമാനിക്കട്ടെയെന്നും പുതിയ സ്ഥലം വെളിപ്പെടുത്താനാവില്ലെന്നും മുദ്ര വെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പുതിയ സ്ഥലം കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിച്ച കോടതി അതുവരെ ആനയെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കേസ് മെയ് മൂന്നിന് വീണ്ടും പരിഗണിക്കും.

ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ എങ്ങോട്ടുകൊണ്ടുപോകുമെന്ന കാര്യത്തിലാണ് തീരുമാനമാകേണ്ടത്.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അരിക്കൊമ്പനെ എവിടേയ്ക്ക് മാറ്റണമെന്ന് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അല്ലാത്തപക്ഷം നേരത്തെ നിശ്ചയിച്ച പ്രകാരം പറമ്പിക്കുളത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചത്. ഇതിനെതിരെ നെന്മാറ എംഎല്‍എ കെ.ബാബു നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് പറയാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

അതേസമയം, അരിക്കൊമ്പനെ പറമ്പികുളം ടൈഗര്‍ റിസര്‍വിലേക്ക് മാറ്റുന്നത് സംബന്ധിച്ച ഹെക്കോടതി നിര്‍ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു. അരിക്കൊമ്പനെ മാറ്റാനുള്ള ശിപാര്‍ശ വിദഗ്ധ സമിതിയാണ് നല്‍കിയതെന്ന് നിരീക്ഷിച്ചാണ് വിഷയത്തില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചത്.

Post a Comment

0 Comments