കണ്ണൂര്‍ : ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍(21) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ആനയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ യുവാവിനെ ചെറുപുഴയിലെ തോട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
ഇവിടെനിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
അതേ സമയം, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച എബിന്‍ ഓടിച്ച ബൈക്ക് കണ്ടെത്തിയത് ഒരു കിലോ മീറ്റര്‍ അകലെ. ആനയെ കണ്ട് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോയതാവാമെന്നാണ് സംശയം. ആന പിന്തുടര്‍ന്ന് വന്ന് ആക്രമിച്ച പാടുകളും സ്ഥലത്തുണ്ട്.
എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്‍റ് പഠനം നടത്തുന്നതിനിടെ കുറച്ച് ദിവസം മുമ്പാണ് പുളിങ്ങോം വാഴക്കുണ്ടം സ്വദേശി കാട്ടാത്ത് സെബാസ്റ്റ്യന്‍- സജിനി ദമ്പതികളുടെ മകന്‍ എബിന്‍ (21) നാട്ടിലെത്തിയത്. കാനംവയലിലുള്ള സുഹൃത്തിനെ കാണാനായിട്ടാണ് രാത്രി ബൈക്കെടുത്ത് വീട്ടില്‍ നിന്ന് എബിന്‍ ഇറങ്ങിയത്. ഏറെ വൈകിയും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
രാത്രിയില്‍ ഉള്‍പ്പെടെ ഫോണില്‍ നിരന്തരം വിളിച്ചെങ്കിലും എബിനെ കിട്ടിയിരുന്നില്ല. തുടര്‍ന്ന് രാവിലെയോടെ ചെറുപുഴ പോലീസില്‍ വിവരം അറിയിക്കാന്‍ ഇരിക്കുകയായിരുന്നു. അര്‍ധരാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ സമയങ്ങളില്‍ കാട്ടാനകളെ റോഡിലും മറ്റും കാണാറുണ്ട്. നേരത്തെയും ഇതുവഴി വരുന്നവരെ കാട്ടാന ആക്രമിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് രാജഗിരി പള്ളിക്ക് സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന് തച്ചിലേടത്ത് ഡാര്‍വിന്‍റെ കൃഷിയിടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്.
യുവാവിന്‍റെ നെഞ്ചില്‍ ആന ചവിട്ടി തകര്‍ത്ത നിലയില്‍ ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം ഛര്‍ദ്ദിച്ച നിലയിലായിരുന്നു. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ അവശനിലയില്‍ യുവാവിനെ ഇതുവഴി വന്നവര്‍ കാണുകയായിരുന്നു. കാട്ടാനയുടെ ആക്രമണ വിവരമറിഞ്ഞ് കര്‍ണ്ണാടക - കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ചെറുപുഴ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
0 Comments