'മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെ നടന്ന സംഭവങ്ങളില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കളിക്കളം വിടാനുണ്ടായ ഞങ്ങളുടെ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അത് ആ നിമിഷത്തെ തീവ്രതയില്‍ എടുത്തതാണെന്നും ഞങ്ങള്‍ തിരിച്ചറിയുന്നു.' - ബ്ലാസ്റ്റേഴ്‌സ് കുറിച്ചു.
റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടീമിനെ തിരിച്ചുവിളിച്ച പരിശീലകന്‍ വുക്മനോവിച്ചിനും വിവാദ ഗോളില്‍ ഐ.എസ്.എല്‍ നോക്കൌട്ട് മാച്ച് പകുതിയില്‍ വെച്ച് ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിനും ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ രണ്ടു ദിവസം മുമ്പ് പിഴയിട്ടിരുന്നു. നാല് കോടി രൂപയാണ് പിഴ ഈടാക്കിയത്. ബ്ലാസ്റ്റേഴ്സ് ടീം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
മാപ്പ് പറയാത്ത പക്ഷം പിഴത്തുക ആറുകോടി രൂപയാക്കി ഉയര്‍ത്തുമെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടീം മാപ്പപേക്ഷിച്ച് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയതിന് പുറമേ ടീം പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിനെ 10 മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. വുക്മനോവിച്ചിന് വിലക്കിന് പുറമേ അഞ്ച് ലക്ഷം രൂപ പിഴയുമൊടുക്കണം. വുക്മനോവിച്ചിനോടും പരസ്യമായി ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷമാപണം നടത്തിയില്ലെങ്കില്‍ പിഴത്തുക പത്ത് ലക്ഷമാക്കും. മാര്‍ച്ച് മൂന്നിന് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഗോള്‍രഹിതമായ 90 മിനിറ്റുകള്‍ക്ക് ശേഷം മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍കീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറാകും മുന്‍പാണു കിക്കെടുത്തതെന്ന് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു.
0 Comments