സന്തോഷിനെ കെട്ടിയിട്ട് മർദിച്ചതിന്റെ ചിത്രങ്ങൾ പൊലീസിനു ലഭിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സന്തോഷിനെ ഐസിയുവിലേക്ക് മാറ്റി. സന്തോഷ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ക്രൂരമായ മർദ്ദനമാണ് സന്തോഷിനേറ്റത്. പരിക്കുകൾ ഗുരുതരമാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, സന്തോഷ് രക്ഷപ്പെടാൻ ശ്രമിക്കവെ മതിലിൽ നിന്ന് വീണതാണെന്നും പറയുന്നുണ്ട്.
കിള്ളിമംഗലത്ത് അടയ്ക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽനിന്ന് അടയ്ക്ക മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിന് മർദ്ദനമേറ്റതെന്നാണ് വിവരം.
അബ്ബാസിന്റെ വീട്ടിൽനിന്ന് അടയ്ക്ക ചാക്കുകൾ മോഷണം പോകുന്നത് പതിവായിരുന്നു. തുടർന്ന് വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു.
ഇന്നു പുലർച്ചെ രണ്ടു മണിയോടെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മോഷ്ടാവ് വീടിന്റെ പരിസരത്ത് എത്തിയതായി മനസ്സിലായത്. തുടർന്ന് അയൽക്കാരെ വിവരമറിയിച്ച് എല്ലാവരും ചേർന്നാണ് സന്തോഷിനെ പിടികൂടിയത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മതിലിൽനിന്ന് ചാടി സന്തോഷിന് പരുക്കേറ്റതായി നാട്ടുകാർ പറയുന്നുണ്ട്.
പിന്നീട് സന്തോഷിനെ കെട്ടിയിട്ട് മർദ്ദിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രധാനമായും അഞ്ച് പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ രണ്ടു പേർ കസ്റ്റഡിയിലാണ്. ചികിത്സയിലുള്ള സന്തോഷ് അവിവാഹിതനാണ്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്.
ശനിയാഴ്ച പുലർച്ചെ കിള്ളിമംഗലം സ്വദേശി അബ്ബാസിന്റെ വീട്ടിൽവെച്ച് സന്തോഷിനെ മർദിച്ചെന്നാണ് പരാതി. അതേസമയം, സന്തോഷിനെ മർദിച്ചിട്ടില്ലെന്നും പിടികൂടാൻ ശ്രമിച്ചപ്പോൾ മതിലിൽനിന്ന് വീണ് പരിക്കേറ്റതെന്നുമാണ് കുറ്റാരോപിതരുടെ വിശദീകരണം.
സന്തോഷ് ഓടുന്നതിനിടെ മതിലിൽ കയറി. ഇവിടെനിന്ന് താഴെയിറക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ നിലത്തേക്ക് വീണെന്നും ഇതേത്തുടർന്നാണ് തലയ്ക്ക് പരിക്കേറ്റതെന്നുമാണ് ഇവർ പറയുന്നത്. ആൾക്കൂട്ട മർദനത്തിൽ സന്തോഷിന്റെ വീട്ടുകാരും, വീട്ടിൽ അതിക്രമിച്ച് കയറിയതിന് സന്തോഷിനെതിരേ അബ്ബാസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അബ്ബാസ് എന്ന അടയ്ക്ക വ്യാപാരിയുടെ വീട്ടിൽ നിന്ന് മുമ്പും അടയ്ക്ക മോഷണം പോയിരുന്നു. തുടർന്നാണ് വീട്ടിൽ സിസിടിവി സ്ഥാപിച്ചത്. ഇന്ന് പുലർച്ചെ സിസിടിവിയിൽ സന്തോഷ് അടയ്ക്ക മോഷ്ടിക്കുന്നത് കണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. തുടർന്ന് അയൽക്കാരെ വിവരം അറിയിച്ചു. അയൽക്കാരും നാട്ടുകാരുമെത്തി സന്തോഷിനെ പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുതെന്നും സഹോദരൻ അതീവ ഗുരുതരാവസ്ഥയിലാണെന്നും സന്തോഷിന്റെ സഹോദരൻ രതീഷ് പ്രതികരിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞയാളാണ്. വിഷുക്കൈനീട്ടം വാങ്ങാൻ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
0 Comments